ഫോര്‍ജി ലേലം ഇപ്പോഴില്ല: രാജ

ന്യൂഡല്‍ഹി| WEBDUNIA|
ത്രീജിയ്ക്ക് ശേഷമുള്ള ഫോര്‍ജി സ്പെക്ട്രം ലേലം തുടങ്ങാന്‍ സര്‍ക്കാറിന് ഇപ്പോള്‍ പദ്ധതിയില്ലെന്ന് ടെലികോം മന്ത്രി എ അറിയിച്ചു. ത്രീജി സ്പെക്ട്രം ലേലം വിജയകരമായി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 700 മെഗാഹെഡ്സ് (ഫോര്‍ജി) സ്പെക്ട്രം സംബന്ധിച്ച് ഇപ്പോള്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു രാജ.

എന്നാല്‍, ഫോര്‍ജി സേവനം നിലവില്‍ ദൂരദര്‍ശന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫോര്‍ജി സേവനം ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ്. ഫോര്‍ജിയുടെ വിഭജനം, സ്പെക്ട്രം സേവനങ്ങളുടെ നിരക്ക്, ലൈസന്‍സ് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എല്ലാം പഠിച്ചതിന് ശേഷമെ ലേലം നടത്താനാകൂവെന്നും രാജ അറിയിച്ചു.

രാജ്യത്തെ എല്ലാ സര്‍ക്കിളിലേക്കുമുള്ള ത്രിജി ലൈസന്‍സ് സ്വന്തമാക്കാനുളള അടിസ്ഥാന സ്പെക്ട്രം ലേലത്തുക 89.14 ബില്യന്‍ രൂപയായി ഉയര്‍ന്നിട്ടുണ്ട്. 3,500 കോടി രൂപയെന്ന അടിസ്ഥാന ലേലത്തുകയിലാണ് 17 ദിവസം മുന്‍പ് ലേലം ആരംഭിച്ചത്. ത്രീജി ലേലം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും രാജ അറിയിച്ചു.

ബിഡബ്ലിയുഎ ലൈസന്‍സിനുള്ള കുറഞ്ഞ ലേലത്തുക 1750 കോടി രൂപയാണ്‌. ആശയവിനിമയ മേഖലയില്‍ വന്‍ പുരോഗതിക്കും മല്‍സരത്തിനും കളമൊരുക്കുന്ന, മൂന്നാംതലമുറ (ത്രി ജി) മൊബൈല്‍ സേവനങ്ങള്‍ സെപ്റ്റംബര്‍ ഒന്നുമുതലാണ് രാജ്യത്ത് ലഭ്യമാകുക.

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ എസ്സാര്‍, റിലയന്‍സ്‌ ടെലികോം, ഐഡിയ സെല്ലുലാര്‍, ടാറ്റ ടെലി സര്‍വീസസ്‌ ലിമിറ്റഡ്‌, എയര്‍സെല്‍ തുടങ്ങി ഒന്‍പതു കമ്പനികളാണു ത്രി ജി സ്പെക്ട്രത്തിനായി രംഗത്തുള്ളത്‌. അഞ്ചു മെഗാഹെട്സ്‌ ശേഷിയുള്ള മൂന്നോ നാലോ ലൈസന്‍സുകളാണ് അനുവദിക്കുക.

ത്രി ജി സ്പെക്ട്രം, ബ്രോഡ്ബാന്‍ഡ്‌ വയര്‍ലെസ്‌ അക്സസ്‌ (ബിഡബ്ല്യുഎ) ലേലങ്ങളിലൂടെ 30,000
മുതല്‍ 35,000 കോടി രൂപയുടെ വരുമാനമാണു കേന്ദ്രസര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്‌. വരിക്കാര്‍ക്ക്‌ അതിവേഗ വോയ്സ്‌ - ഡേറ്റ കൈമാറ്റ സൗകര്യവും മള്‍ട്ടിമീഡിയ സേവനങ്ങളും ലഭ്യമാക്കാനാവുമെന്നതാണു ത്രി ജി സ്പെക്ട്രത്തിന്റെ ആകര്‍ഷണം.

അതിവേഗ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി, പരസ്പരം കണ്ടു സംസാരിക്കാവുന്ന വിഡിയോ കോളിങ്‌, ഗെയിമിങ്‌, ഡൗണ്‍ലോഡിങ്‌, വിഡിയോഓണ്‍ ഡിമാന്‍ഡ്‌ തുടങ്ങിയവയാണു 3ജിയിലേക്ക്‌ ഉപഭോക്‌താക്കളെ ആകര്‍ഷിക്കുന്നു. ഇ-ലേണിങ്‌, ടെലിമെഡിസിന്‍, ഫോണിലൂടെയുള്ള ധനകാര്യ ഇടപാടുകള്‍ തുടങ്ങിയ രംഗങ്ങളിലൊക്കെ 3ജി സേവനം കാര്യമായ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു. നിലവില്‍ കേരളത്തിലടക്കം ബിഎസ്‌എന്‍എല്‍ ത്രി ജി സേവനം ആരംഭിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :