സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നികുതിയിളവുകള്‍ രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. സേവന നികുതി കുറയ്ക്കുന്നതോടെ മൊബൈല്‍ ബില്ലുകളിലും കാര്യമായ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ 100 രൂപയ്ക്ക് 12 രൂപയാണ് സേവന നികുതി നല്‍കുന്നത്. ഇത് 10 രൂപയായാണ് കുറയുക. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ ഓപറേറ്റര്‍മാര്‍ക്കിടയില്‍ മല്‍സരം നിലനില്‍ക്കുന്നതിനാല്‍ മൊബൈല്‍ ബില്ലില്‍ കൂടുതല്‍ കുറവ് വരാനാണ് സാധ്യത. ഇന്ത്യന്‍ സേവന ദാതാക്കള്‍ നല്കുന്ന കോള്‍ നിരക്കുകള്‍ ഇതിനകം തന്നെ ലോക ടെലികോം കമ്പനികളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് ഇന്ത്യയിലാണ്.
ടെലികോം, ഐടി മേഖലകള്‍ സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 39 രൂപയുടെ ബോണസ് കാര്‍ഡ് ഇറക്കിയാണ് വൊഡാഫോണ്‍ എസ്സാര്‍ സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ചത്. 60 പൈസയ്ക്ക് ലോക്കല്‍ കോളുകള്‍ വിളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സാമ്പത്തിക മാന്ദ്യം എല്ലാ മേഖലയെയും ഗ്രസിച്ചിരിക്കുന്ന അവസരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവുകള്‍ സ്വാഗതാര്‍ഹമാണെന്ന് ഭാര്‍തി എയര്‍ടെല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ മനോജ് കൊഹ്ലി പറഞ്ഞു.
ഹാര്‍ഡ് വെയര്‍ ഉപകരണങ്ങളിന്മേലുള്ള എക്സൈസ് നികുതി എട്ട് ശതമാനമായി കുറച്ചതോടെ പ്രിന്റര്‍, മോണിറ്റര്‍, കീബോര്‍ഡ് എന്നിവയുടെ വിലയും കുറഞ്ഞേക്കും.