പ്രതിസന്ധി പരിഹരിക്കാന്‍ നാരായണമൂര്‍ത്തി ഇന്‍ഫോസിസില്‍ തിരിച്ചെത്തുന്നു

ബാംഗ്ലൂര്‍| WEBDUNIA|
PRO
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിലെ പ്രതിസന്ധി പരിഹരിക്കാന്‍ നാരായണമൂര്‍ത്തി മടങ്ങിവരുന്നു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍ആര്‍ നാരായണമൂര്‍ത്തിയെ ഇന്‍ഫോസിസ് തിരികെ വിളിച്ചു. 2013 ജൂണ്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

മറ്റു മുന്‍ നിര കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഫോസിസിന്റെ വളര്‍ച്ച കുറവാണെന്നതാണ് നാരായണ മൂര്‍ത്തിയെ വീണ്ടും ഇന്‍ഫോസിസിന്റെ ഭരണ സ്ഥാനത്തേക്ക് തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കെ വി കാമത്ത് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാന്‍ പദവി ഒഴിയും. പകരം കമ്പനിയുടെ മുഖ്യ സ്വതന്ത്ര ഡയറക്ടറായി മാറും. എക്‌സിക്യൂട്ടീവ് കോ-ചെയര്‍മാനായിരുന്ന മലയാളിയായ ക്രിസ് ഗോപാലകൃഷ്ണന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എന്ന പദവിയിലായിരിക്കും.

ജൂണ്‍ ഒന്നിന് ചേരുന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം തേടും. നാരായണമൂര്‍ത്തിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി അദ്ദേഹത്തിന്റെ മകന്‍ രോഹന്‍ മൂര്‍ത്തിയെയും നിയമിച്ചിട്ടുണ്ട്.

1981ല്‍ ഇന്‍ഫോസിസ് സ്ഥാപിച്ച നാരായണമൂര്‍ത്തി 2011ലാണ് പിടിയിറങ്ങിയത്. 1981 മുതല്‍ 2002 വരെ ഇന്‍ഫോസിസ് സിഇഒ ആയിരുന്ന നാരായണമൂര്‍ത്തി പിന്നീട് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം എമിറെറ്റ്സ് ചെയര്‍മാന്‍ പദവിയിലായിരുന്നു നാരായണമൂര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :