സജിത്ത്|
Last Modified വ്യാഴം, 19 മെയ് 2016 (16:02 IST)
ഇന്ത്യയിലെത്തിയതിന്റെ ഇരുപതു വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടേയുടെ കോംപാക്റ്റ് സെഡാൻ എക്സെന്റിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ഈ കാർ ലഭ്യമാണ്. സ്പെഷല്‍ എഡിഷന് പെട്രോള്‍ 6.25 ലക്ഷം രൂപയും, ഡീസല്‍ 7.17 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വിലകൾ.
ഹോണ്ട അമെയ്സ് , മാരുതി ഡിസയര്‍ മോഡലുകളോട് മത്സരിക്കുന്ന എക്സന്റിന്റെ 1.2 ലീറ്റര്‍ കാപ്പാ പെട്രോള്‍ എന്ജിൻ 6000 ആർപിഎമ്മിൽ 81 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 100 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും. എ ബി എസ് , ഡ്രൈവര്‍ എയര്‍ബാഗ് എന്നിവ എക്സന്റിന്റെ അടിസ്ഥാന വകഭേദത്തിനുമുണ്ട്. 1.1 ലീറ്റര്‍ ഡീസല്‍ എന്ജിൻ 4000 ആർപിഎമ്മിൽ 71 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മിൽ 180 എൻഎം ടോർക്കുമാണുള്ളത്.
ഫ്രണ്ട് ഗ്രില്ലിന് നൽകിയിരിക്കുന്ന ക്രോം ഫിനിഷ്, അനിവേഴ്സറി ബാഡ്ജ്, ബോഡിയിലെ ഗ്രാഫിക്സ്, ബൂട്ട് ലിപ് സ്പോയ്ലര് , ബൂട്ട് ലിഡില്‍ ക്രോം, 6.2 ഡിസ്പ്ലേയോടുകൂടിയ ബ്ലോപങ്ക് ഓഡിയോ സിസ്റ്റം, കറുപ്പ് - ചുവപ്പ് വര്ണ്ണസങ്കലത്തിലുള്ള ഫാബ്രിക് അപ്ഹോള്‍സ്റ്ററി എന്നിവയാണ് സ്പെഷ്യൽ എഡിഷനിലെ പ്രത്യേകതകൾ. വെളുപ്പ്, സില്‍വര്‍ നിറങ്ങളില്‍ മാത്രമാണ് സ്പെഷല്‍ എഡിഷന് എക്സെന്റ് ലഭിക്കുന്നത്.