പ്രമുഖ ഇലക്ട്രോണിക് സ്ഥാപനമായ പാനാസോണിക് ഇന്ത്യ രാജ്യത്ത് അടുത്ത മൂന്ന് വര്‍ഷത്തിനകം 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഇന്ത്യയില്‍ കൂടുതല്‍ ഫാക്ടറികള്‍ തുറക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ അഞ്ച് ഫാക്ടറികളാണ് പാനാസോണിക്കിന് ഇന്ത്യയിലുള്ളത്. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ആഗോള വിപണികള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെ ഉപയോഗപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കമ്പനി ഡയറക്ടര്‍ അര്ജുന് ബാലകൃഷ്ണന് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപമിറക്കുന്നത് കമ്പനി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ പാനാസോണിക് പ്രകൃതിയുമായി ഇണങ്ങുന്ന പുതിയ എയര്‍ കണ്ടീഷനറുകള്‍ രാജ്യത്ത് പുറത്തിറക്കിയിരുന്നു. 21,900 രൂപ മുതല്‍ 55,000 രൂപവരെ വിലവരുന്ന ഇവയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മിസ് വേള്‍ഡ് റണ്ണര്‍ അപ്പും മലയാളിയുമായ പാര്‍വതി ഓമനക്കുട്ടനാണ്.
നിലവില്‍ ഏതാണ്ട് 3000 ഔട്ട്ലെറ്റുകളിലൂടെയാണ് കമ്പനി ഉല്പന്നങ്ങള് രാജ്യത്ത് വിറ്റുപോകുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് ഇരട്ടിയാക്കാനാണ് കമ്പനി ഉദേശിക്കുന്നത്.