പാകിസ്ഥാനിലേക്ക് പറക്കാന്‍ ജെറ്റ്ലൈറ്റ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (13:09 IST)

നരേഷ് ഗോയലിന്‍റെ നിയന്ത്രണത്തിലുള്ള ചെലവ് കുറഞ്ഞ യാത്രാ നിരക്കുള്ള വിമാന കമ്പനിയായ ജെറ്റ്ലൈറ്റ് എയര്‍ലൈന്‍സ് പാകിസ്ഥാനിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു.

ഇത് സംബന്ധിച്ച് കമ്പനി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡെല്‍ഹി-ഇസ്ലാമാബാദ്, മുംബൈ-കറാച്ചി റൂട്ടുകള്‍ വിമാന സര്‍വീസ് നടത്താനാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ ഡല്‍ഹി-ലാഹോര്‍ റൂട്ടില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് നടത്തുന്ന പ്രതിവാര വിമാന സര്‍വീസ് മാത്രമാണുള്ളത്. ഈ റൂട്ടിലെ യാത്രാ സമയം കേവലം 40 മിനിട്ടാണെങ്കിലും അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് 12,400 രൂപയാണ് ഇന്ത്യന്‍ എയര്‍ലിഅന്‍സ് ഈടാക്കുന്നത്.

ജെറ്റ്ലൈറ്റ് എയര്‍ലൈന്‍സ് വിമാന സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങളിലുമുള്ള വിമാനയാത്രക്കാര്‍ക്ക് ഈ റൂട്ടില്‍ യാത്രചെയ്യാന്‍ മെച്ചപ്പെട്ട സൌകര്യവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയും ചെയ്യും.

അടുത്തിടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മെച്ചപ്പെട്ട വിമാനസര്‍വീസ് ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും അധികൃതര്‍ ഉഭയകക്ഷി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് ന്നേരിട്ടുള്ള വിമാനസര്‍വീസ് ഇല്ലാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഇത്തരമൊരു സര്‍വീസ് നടത്താന്‍ അപേക്ഷിച്ചിരിക്കുന്നതെന്ന് ജെറ്റ്ലൈറ്റ് സി.ഒ.ഒ രാജീവ് ഗുപ്ത പറയുന്നു.

നിലവില്‍ ജെറ്റ്ലൈറ്റ് എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് നേപ്പാളിലെ കാഠ്മണ്ഡു, ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ എന്നിവിടങ്ങളിലേക്ക് വിദേശ വിമാന സര്‍വീസ് നടത്തുന്നുണ്ട്. ഷാര്‍ജ ഉള്‍പ്പെടെയുള്ള ഗള്‍ഫ് പട്ടണങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താനും കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് രാജീവ് ഗുപ്ത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :