പണം സമാഹരിച്ച്‌ മുങ്ങുന്ന കമ്പനികളെ പിടിക്കാന്‍ സെബിക്ക്‌ കൂടുതല്‍ അധികാരം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 19 ജൂലൈ 2013 (09:30 IST)
PRO
PRO
പണം സമാഹരിച്ച്‌ മുങ്ങുന്ന കമ്പനികളെയും ഉടമസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സെബിക്ക്(സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ) കൂടുതല്‍ അധികാരം നല്‍കി. ഇതിനായി സെബിയുടെ നിയമവും മറ്റു ചട്ടങ്ങളും ഭേദഗതി ചെയ്യാനുളള ശുപാര്‍ശയ്ക്ക്‌ കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്.

പുതിയ അധികാര പരിധിയുപയോഗിച്ച് അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ട ആരില്‍ നിന്നും ഫോണ്‍വിളി രേഖകള്‍ ആവശ്യപ്പെടാന്‍ സെബിക്കു കഴിയും. ഏതു കമ്പനി 100 കോടി രൂപയ്ക്കുമേല്‍ നിക്ഷേപം സമാഹരിച്ചാലും അതു സെബിയുടെ നിയന്ത്രണ പരിധിയില്‍ വരും. കമ്പനികളല്ലാതെ വ്യക്‌തികള്‍ നടത്തുന്ന നിക്ഷേപദ്ധതികള്‍ പൂര്‍ണമായും സെബിയുടെ നിയന്ത്രണത്തിലാകും.

പണം സമാഹരിച്ച്‌ മുങ്ങുന്ന കമ്പനികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുകി വരുന്നതാണ്‌ നിയമഭേദഗതി വേഗത്തിലാക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്‌തമാക്കിയത്‌. ധനകാര്യ തട്ടിപ്പുകാര്‍ നൂതന തന്ത്രങ്ങളും സാങ്കേതിക വിദ്യകളും സ്വീകരിക്കുമ്പോള്‍ പഴയ വ്യവസ്ഥകളിലൂടെ നേരിടാനാവുന്നില്ലെന്ന്‌ സെബി സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു.

എല്ലാത്തരം ധനസമാഹരണ സ്കീമുകള്‍ക്കു മേലും നടപടിയെടുക്കാന്‍ സെബിക്ക്‌ അധികാരം നല്‍കുന്ന വിധത്തിലാണ്‌ ശുപാര്‍ശ. പരിശോധനയും രേഖകള്‍ പിടിച്ചെടുക്കലും തട്ടിപ്പുകാരുടെ സ്വത്ത്‌ കണ്ടു കെട്ടലുമടക്കമുളള അധികാരങ്ങളാണ്‌ ശുപാര്‍ശ നടപ്പായാല്‍ സെബിക്കു ലഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :