ദുബായിക്ക് പുതിയ എണ്ണപ്പാടം

ദുബായ്| WEBDUNIA|
PRO
സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറാന്‍ ദുബായിക്ക് സുവര്‍ണാവസരം കൈവരുന്നു. ദുബായ് കടലില്‍ പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ദുബായ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. സാമ്പത്തിക പരാധീനതകളും രാജ്യത്തെ വ്യാപാര സമുച്ചയങ്ങളിലൊന്നായ ദുബായ് വേള്‍ഡിന്‍റെ തകര്‍ച്ചയുമെല്ലാം പിടിച്ചുലച്ച ദുബായിക്ക് എണ്ണപ്പാടം കണ്ടെത്തിയത് ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റാഷിദ് എണ്ണപ്പാടത്തിന് കിഴക്ക് ഭാഗത്താണ് പുതിയ ഉറവിടം. എന്തായാലും എണ്ണപ്പാടം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ദുബായ് സര്‍ക്കാരിന്‍റെ തീരുമാനം. ഓയില്‍ ഡിപ്പാര്‍ട്ടുമെന്‍റ് അധ്യക്ഷന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. കണ്ടെത്തിയ എണ്ണപ്പാടത്തിന്‍റെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

എണ്ണപ്പാടം ദുബായിയുടെ സാമ്പത്തിക സ്ഥിതിയില്‍ സുപ്രധാനമായ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. സ്വന്തമായി എണ്ണ ഉത്പാദനമില്ലാത്ത ഏക ഗള്‍ഫ് രാജ്യമാണ് ദുബായ്. അതുകൊണ്ടുതന്നെ ലോകത്തുണ്ടാകുന്ന ചെറിയ സാമ്പത്തിക മാന്ദ്യം പോലും ദുബായിയെ സാരമായി ബാധിക്കും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ എണ്ണപ്പാടത്തിന് കഴിയുമെന്നാണ് ഷെയ്ഖ് മുഹമ്മദിന്‍റെ പ്രതീക്ഷ. പുതിയ വരുമാന സ്രോതസാണ്‌ കൈവന്നിരിക്കുന്നത്‌. ദുബൈയുടെ സമഗ്ര വികസനത്തിന്‌ അത് ഗുണപ്രദമായിരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ്‌ വിശ്വാസം പ്രകടിപ്പിച്ചു.

യുഎഇ സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം ദുബായിക്ക് വളരെ കുറഞ്ഞ എണ്ണ ശേഖരം മാത്രമാണുള്ളത്. അടുത്ത 20 വര്‍ഷത്തിനകം ദുബായിലെ എണ്ണ കിണറുകള്‍ വറ്റുമെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1966ലാണ്‌ ദുബൈയില്‍ ആദ്യമായി എണ്ണ കണ്ടെത്തിയത്‌. യുഎഇ തലസ്ഥാനമായ അബുദാബിയാണ് എണ്ണ ഉത്പാദനത്തില്‍ മുന്നില്‍. യുഎഇയുടെ മൊത്തം എണ്ണ ഉത്പാദനത്തിന്‍റെ 90 ശതമാനവും സംഭാവന ചെയ്യുന്നത് അബുദാബിയാണ്. എണ്ണ വരുമാനം കുറഞ്ഞതോടെ റിയല്‍ എസ്റ്റേറ്റും വിദേശ നിക്ഷേപവും വിനോദ സഞ്ചാരവുമാണ് ദുബായിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :