ത്രീ ജി ലേലം ഏപ്രില്‍ 9 മുതല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (19:33 IST)
PRO
ത്രീ ജി ലേലം ഏപ്രില്‍ 9 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ലേലത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് നോട്ടീസ് പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കമ്പനികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലാണ് ലേലം നീണ്ടു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ അപേക്ഷകള്‍ ക്ഷണിച്ച് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി എ രാജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ലേലം ആരംഭിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഇരുപത്തിരണ്ട് ടെലികോം മേഖലകളിലെ ഇരുപതെണ്ണത്തിലേക്കാണ് ലേലം നടത്തേണ്ടത്. മിക്ക മേഖലകളിലേക്കും നാലു സ്ലോട്ടുകള്‍ ലഭ്യമാണെങ്കിലും ഡല്‍ഹി ഗുജറാ‍ത്ത് എന്നീ സ്ഥലങ്ങളിലേക്ക് രണ്ട് സ്ലോട്ടുകള്‍ മാത്രമാണ് ലഭ്യമാകുക.

ഓള്‍ ഇന്ത്യ സ്പെക്ട്രത്തിന് 35 ബില്യന്‍ രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്ന അടിസ്ഥാന തുക. ലേലത്തിലൂടെ ഏതാണ്ട് 7 ബില്യന്‍ യുഎസ് ഡോളര്‍ സമാഹരിക്കാമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. ഓള്‍ ഇന്ത്യ സ്പെക്ട്രത്തിനായി ഭാരതി എയര്‍ ടെല്‍, റിലയ്ന്‍സ് കമ്മ്യൂണിക്കേഷന്‍സ് വൊഡാഫോണ്‍ എസ്സാര്‍ തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ രംഗത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :