താജ് ടിവിയിലെ ഓഹരി സീ ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 19 ജനുവരി 2010 (11:57 IST)
PRO
താജ് ടിവിയിലും മൌറീഷ്യസിലുമുള്ള ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ സീ എന്‍റര്‍ടെയ്ന്‍‌മെന്‍റ് എന്‍റര്‍പ്രൈസ് തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച നടപടികള്‍ക്ക് അംഗീകാരം നല്‍കിയതായി കമ്പനി മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു.

പത്തോളം സ്പോര്‍ട്സ് ചാനലുകളുടെ ഉടമകളായ താജ്, മൌറീഷ്യസ് എന്നിവയുടെ വിദേശ സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തം 45 ശതമാനവും ഇന്ത്യന്‍ സംരംഭങ്ങളില്‍ 50 ശതമാനവും ഉയര്‍ത്താനാണ് സീ പദ്ധതിയിടുന്നത്. ഓഹരി ഏറ്റെടുക്കലിലൂടെ കമ്പനിയുടെ ഒരു പൂര്‍ണ ഉപസംരംഭമായി താജ് ടെലിവിഷന്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാറും.

കമ്പനിയുടെ രണ്ടാം പാദ പ്രവര്‍ത്തന ഫലങ്ങളും ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പുറത്തുവിട്ടു. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ മൊത്ത അറ്റാദായം 74 ശതമാനം ഉയര്‍ന്ന് 146.43 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 83.97 കോടി രൂപയായിരുന്നു.

അതേസമയം മൊത്ത വരുമാനത്തില്‍ നാല് ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ 585.70 കോടിയില്‍ നിന്ന് 563.23 കോടി രൂപയായാണ് വരുമാനം ഇടിഞ്ഞത്. സീ ഓഹരികള്‍ക്ക് മൂന്ന് ശതമാനം വില കുറഞ്ഞ് 278 രൂപയായാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :