ഡല്‍ഹിയില്‍ റിലയന്‍സിന്‍റെ കൂറ്റന്‍ വ്യാപാര സമുച്ചയം

WEBDUNIA|
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വ്യവസായ സംരംഭകരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പെട്രോകെമിക്കല്‍, റിഫൈനിങ്, എണ്ണ, പ്രകൃതിവാതകം, പ്രത്യേക സാമ്പത്തിക മേഖല, ടെലികോം എന്നീ മേഖലകളില്‍ ചുവടുറപ്പിച്ചതിന് ശേഷം ഇപ്പോള്‍ ചില്ലറ വ്യാപാര മേഖലയെയും റിയല്‍ എസ്റ്റേറ്റിന്‍റെയും കോര്‍ത്തിണക്കി ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ദക്ഷിണഡല്‍ഹിയില്‍ ഇതിനായി ഒരു കൂറ്റന്‍ വ്യാപാര സമുച്ചയമാണ് റിലയന്‍സ് ഒരുക്കുന്നത്. ഈ ഷോപ്പിംഗ് മാളിന്‍റെ അഞ്ചില്‍ രണ്ട് ഭാഗം റിലയന്‍സ് റീട്ടെയിലിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. റിലയന്‍സിന്‍റെ മറ്റ് സംരംഭങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള ഈ നീക്കം വിപണിയെക്കുറിച്ചുള്ള റിലയന്‍സ് ഗ്രൂപ്പിന്‍റെ നിരീക്ഷണബുദ്ധിക്ക് ഉദാഹരണമാണ്.

ഈ സമുച്ചയത്തിനായി 2007ല്‍ 400 കോടി രൂപ മുടക്കിയാണ് ഡല്‍‌ഹി ഡവലപ്മെന്‍റ് അതോറിറ്റിയില്‍ നിന്ന് ഈ സ്ഥലം ലേലത്തില്‍ നേടിയത്. 200 മുതല്‍ 250 കോടി രൂപ വരെ മുതല്‍ മുടക്കി അളകനന്ദയില്‍ 720,000 ചതുരശ്ര അടി വിസ്താരമുള്ള വാണിജ്യകേന്ദ്രമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. 2014 അവസാനത്തോടെ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര പരിസ്ഥിതി - വനം വകുപ്പില്‍ നിന്ന് അനുമതി ലഭിച്ച ഈ പദ്ധതി ഇപ്പോള്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ജൂണ്‍ 15ന് നടന്ന കമ്മിറ്റി മീറ്റിംഗില്‍ സമുച്ചയത്തിന് ചുറ്റും ധാരാളം ഞാവല്‍ മരങ്ങളും തണല്‍ മരങ്ങളും വച്ചുപിടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഈ സമുച്ചയത്തിന് 1000 കാറുകള്‍ക്കും 700 ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിംഗ് സ്ഥലമുള്‍പ്പടെ മൂന്ന് ബേസ്‌മെന്‍റ് ലെവലുകളും ഒരു ഗ്രൌണ്ട് ലെവലും ചേര്‍ന്ന് അഞ്ച് നിലകളാണ് ഉള്ളത്. മൊത്തം 500,000 ചതുരശ്ര അടി വിസ്താരമുള്ള പ്ലോട്ടില്‍ 200,000 ചതുരശ്ര അടിയും റിലയന്‍സിന്‍റെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്കായും ബാക്കിയുള്ള സ്ഥലം കമ്പനിയുമായി മത്സരമില്ലാത്ത ബ്രാന്‍ഡുകള്‍ക്കുമായും മാറ്റിവച്ചിരിക്കുന്നു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ആര്‍ ഐ എല്‍ 2006ലാണ് ചെറുകിട വ്യാപാര മേഖലയിലേക്ക് കടന്നുവന്നത്. അതിനുശേഷം ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് റിലയന്‍സിനുണ്ടായത്. 1300ലധികം സ്റ്റോറുകള്‍ ഇന്ന് റിലയന്‍സ് റീട്ടെയിലിനുകീഴിലുണ്ട്. പലവ്യഞ്ജന ഷോപ്പുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ രാജ്യത്തുടനീളം വ്യത്യസ്ത തരത്തിലുള്ള റിലയന്‍സിന് ഷോപ്പുകള്‍ ഉണ്ട്. രാജ്യത്തെ 150ലധികം നഗരങ്ങളില്‍ റിലയന്‍സിന് സ്വന്തം സ്ഥലങ്ങളുണ്ട്. അവ മാളുകളും ഷോപ്പിംഗ് കോം‌പ്ലക്സുകളും നിര്‍മ്മിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വടക്കേ ഇന്ത്യയില്‍ മാത്രം നാലു മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചില്ലറ വ്യാപാര മേഖല സൃഷ്ടിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡല്‍ഹിയിലെ 20 സൈറ്റുകളില്‍ ഇത് ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.

സംഗ്രഹം: ആര്‍ ഐ എല്‍ 2007ല്‍ 400 കോടി രൂപ മുടക്കി ഡല്‍‌ഹി ഡവലപ്മെന്‍റ് അതോറിറ്റിയില്‍ നിന്ന് ഒരു വ്യാപാര സമുച്ചയം നിര്‍മ്മിക്കുന്നതിനായി ദക്ഷിണ ഡല്‍ഹിയില്‍ സ്ഥലം ലേലത്തില്‍ നേടി. 200 മുതല്‍ 250 കോടി രൂപ വരെയാണ് ഇതിന്‍റെ നിര്‍മ്മാണച്ചെലവ്. ഈ ഷോപ്പിംഗ് മാളിന്‍റെ മൂന്നില്‍ രണ്ട് ഭാഗം റിലയന്‍സ് റീട്ടെയിലിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ചില്ലറവ്യാപാര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ റിലയന്‍സ് ഉപയോഗിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :