ടെക്സ്റ്റൈല്‍ മേഖലയില്‍ 5 ലക്ഷം തൊഴില്‍ നഷ്ടം

ന്യൂഡല്‍ഹി| WEBDUNIA|
ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് രാജ്യത്ത് ടെക്സ്റ്റൈല്‍ മേഖലയില്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു. എങ്കിലും മണ്‍സൂണോടു കൂടി സ്ഥിതി മെച്ചപ്പെടുമെന്നും ടെക്സ്റ്റൈല്‍സ് മന്ത്രി ശങ്കര്‍ സിംഗ് വഗേല പ്രതീക്ഷ പ്രകടിപ്പിച്ചു.

ടെക്സ്റ്റൈല്‍ മേഖലയിലെ നിക്ഷേപം കൂട്ടാനായി 1999ല്‍ ആരംഭിച്ച ടെക്നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് സ്കീം പ്രകാരം 2004-05 മുതല്‍ 2008-09 വരെ സര്‍ക്കാര്‍ 1,20,916 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ടെക്സ്റ്റൈല്‍സ് വ്യവസായത്തെ ആധുനീകരിക്കുന്നതിനും അന്താരാഷ്ട്രതലത്തില്‍ മല്‍സരക്ഷമമാക്കുന്നതിനും 2005ല്‍ സര്‍ക്കാര്‍ ഇന്‍റഗ്രേറ്റഡ് ടെക്സ്റ്റൈല്‍സ് പാര്‍ക്ക് പദ്ധതി തുടങ്ങിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. 2004-05 മുതല്‍ 2008-09 വരെയുള്ള പദ്ധതിചെലവ് 4,203 കോടിയായിരുന്നു. ഇതില്‍ 1,438 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.

പതിനൊന്നാം പഞ്ചവല്‍സര പദ്ധതിക്ക് കീഴില്‍ ടെക്സ്റ്റൈല്‍സ്, ചണം വ്യവസായ മേഖലയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടനുസരിച്ച് ടെക്സ്റ്റൈല്‍സ് മേഖലയിലെ മൊത്തം കയറ്റുമതി 115 ബില്യണ്‍ ഡോളറാണെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :