ടാറ്റയുടെ സിംഗൂര്‍ പ്രേമം ഒഴിയുന്നില്ല

കൊല്‍ക്കത്ത| WEBDUNIA|
PRO
വിവാദങ്ങളും പ്രതിഷേധങ്ങളും തളര്‍ത്തിയെങ്കിലും സിംഗൂരിലെ ഭൂമിയോടുള്ള ടാറ്റയുടെ പ്രേമം വിട്ടൊഴിയുന്നില്ല. ഉപയോഗിക്കുന്നില്ലെങ്കിലും ഈ ഭൂമിയുടെ പാട്ടക്കരാര്‍ വീണ്ടും പുതുക്കി സിംഗൂരിനോടുള്ള താല്‍‌പര്യം ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുകയാണ്.

ഒരു വര്‍ഷത്തേക്ക് ഒരു കോടി രൂപയാണ് പാട്ടത്തുക. പശ്ചിമബംഗാള്‍ വ്യവസാ‍യ വികസന കോര്‍പ്പറേഷന്‍റേതാണ് ഭൂമി. ടാറ്റയില്‍ നിന്ന് ഭൂമി തിരികെയെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി അശോക് മോഹന്‍ ചക്രബര്‍ത്തി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടാറ്റ പാട്ടക്കരാര്‍ പുതുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാട്ടത്തുകയുടെ ചെക്ക് ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന് ടാറ്റ കൈമാറി.പ്രതിവര്‍ഷം ഒരു കോടി രൂപ വീ‍തം ആദ്യ അഞ്ച് വര്‍ഷത്തേക്ക് നല്‍കണമെന്നാണ് ടാറ്റയുമായി ബംഗാള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ. 90 വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍.

നാനോ കാറുകളുടെ നിര്‍മ്മാണ യൂണിറ്റാണ് ടാറ്റ സിംഗൂരില്‍ സ്ഥാപിക്കാനിരുന്നത്. എന്നാല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ടാറ്റയ്ക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. ഗുജറാത്തിലേക്കാണ് ടാറ്റ പിന്നീട് നാനോ യൂണിറ്റ് മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :