വിമാനയാത്രക്കാരില്‍ ഗണ്യമായ കുറവ് വന്നതോടെ, നഷ്ടത്തിലുള്ള മൂന്ന് അന്താരാഷ്ട്ര റൂട്ടുകള്‍ ജെറ്റ് എയര്‍വേസ് നിര്‍ത്തലാക്കി. നാല് വലിയ ബോയിംഗ്-777 വിമാനങ്ങള്‍ പാട്ടത്തിന് കൊടുക്കാനും പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനി തീരുമാനിച്ചു.
അമൃത്‌സര്‍-ലണ്ടന്‍-അമൃത്‌സര്‍ സര്‍വീസ് ഡിസംബറിലും ബോംബെ-ഷാംഗായ്-സാന്‍ഫ്രാന്‍സിസ്കൊ, ബാംഗ്ലൂര്‍-ബ്രസല്‍സ് എന്നീ റൂട്ടുകള്‍ ജനുവരിയിലുമാണ് കമ്പനി നിര്‍ത്തലാക്കിയത്. കമ്പനിക്ക് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന റൂട്ടുകളായതിനാലാണ് ഇവ നിര്‍ത്തലാക്കിയതെന്ന് ജെറ്റ് എയര്‍വേസ് സിഇഒ വോള്‍ഫ് ഗാങ് പ്രോക്ക് അറിയിച്ചു. ബോയിംഗ് 777 വിമാനം തുര്‍ക്കിഷ് എയര്‍ലൈന്‍സിന് പാട്ടത്തിന് കൊടുക്കാനാണ് കമ്പനി തീരുമാനം. കൂടുതല്‍ വിമാനങ്ങള്‍ പാട്ടത്തിന് കൊടുക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
വ്യോമ ഗതാഗതമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനോ റദ്ദാക്കാനോ ആഭ്യന്തര-ആഗോള വിമാനക്കമ്പനികള്‍ തയ്യാറെടുക്കുകയാണ്. സിംഗപൂര്‍ എയര്‍ലൈന്‍സും ഓസ്ട്രേലിയയിലെ ക്വാണ്ടാസ് എയര്‍ലൈന്‍സും അന്താരാഷ്ട്ര സര്‍വീസുകളില്‍ ഈയിടെ കുറവ് വരുത്തിയിരുന്നു.