ബാങ്കിംഗ് മേഖലയെ സ്തംഭിപ്പിച്ച് ജീവനക്കാരുടെ സമരം രണ്ടാം ദിവസമായ ഇന്നും തുടരും. സമരം ശക്തമായതോടെ രാജ്യത്തെ കോടിക്കണക്കിന് രൂപയുടെ ബാങ്കിംഗ് ഇടപാടുകളാണ് മുടങ്ങിയത്.
പണിമുടക്ക് നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗുകളേയും ബാധിച്ചു. കാലഹരണപ്പെട്ട ശമ്പള പരിഷ്കരണ കരാര്‍ പുതുക്കുക, പുറം കരാര്‍ വത്കരണം ഉപേക്ഷിക്കുക എന്നതാണ് ജീവനക്കാരുടെ ആവശ്യം. 5100ല്‍ പരംവരുന്ന ബാങ്ക് ശാഖകള്‍ തിങ്കളാഴ്ച കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഓഫീസര്‍മാരും ജീവനക്കാരുമടക്കം 35,000ത്തോളം പേര് പണിമുടക്കിയെന്നാണ് കണക്ക്.
വ്യാപാരമാന്ദ്യം നേരിടുന്ന രാജ്യത്ത് തുടര്‍ച്ചയായ ദിനങ്ങളില്‍ ബാങ്കുകള്‍ പണിമുടക്കുന്നത് ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. സമരത്തെ തുടര്‍ന്ന് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുട്ട്. വിവിധ സംഘടനകളുടെ കൂട്ടായ്മയായ ബാങ്കിംഗ് യൂണിയനുകളുടെ ഐക്യവേദിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.