ചൈന പ്രതീക്ഷിക്കുന്നത് 8% വളര്‍ച്ച

ബീജിംഗ്| WEBDUNIA|
ആഗോള മാന്ദ്യം നിലനില്‍ക്കുമ്പോഴും ഈ വര്‍ഷം എട്ട് ശതമാനം ആഭ്യന്തര ഉല്പാദന വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബൊ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കയറ്റുമതി ഉയര്‍ത്താനും തൊഴിലവസരങ്ങള്‍ കൂട്ടാനും സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പറഞ്ഞു.

പുതിയ വര്‍ഷത്തെ സാമ്പത്തിക ആസൂത്രണങ്ങളെക്കുറിച്ച് വിശദമാക്കവെ രാജ്യം കൂടുതല്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതായി വെന്‍ സമ്മതിച്ചു. ആഗോള തലത്തില്‍ ഏതാണ്ട് 20 മില്യണ്‍ ചൈനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

എങ്കിലും നവംബറില്‍ പ്രഖ്യാപിച്ചപോലുള്ള ഒരു സഹായ പാക്കേജ് സംബന്ധിച്ച സൂചനകളൊന്നും വെന്‍ നല്‍കിയില്ല. കഴിഞ്ഞ നവംബറില്‍ 586 ബില്യണ്‍ ഡോളറിന്‍റെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 1.5 ട്രില്യണ്‍ ഡോളറിന്‍റെ സഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം ഉണര്‍വ് അനുഭവപ്പെട്ട ചൈനീസ് വിപണികളെ ഇത് നിരാശപ്പെടുത്തി.

അതേസമയം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 5.6 ശതമാനമായി കുറയുമെന്നാണ് ഏതാനും സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും ഇത്.

കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന സൂചനയാണ് വെന്‍ തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ യൂറോപ്പിലേയും അമേരിക്കയിലെയും വിപണികളില്‍ ഉണര്‍വ് പ്രകടമാകാതെ ചൈനയുടെ വളര്‍ച്ച മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ ആശങ്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :