കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ ജപ്തിനടപടിക്ക് ആറ് ബാങ്കുകള്‍

മുംബൈ| WEBDUNIA|
PRO
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള മൂലധന നിക്ഷേപം നടത്തുന്നില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു വായ്പ നല്‍കിയ ബാങ്കുകള്‍ തീരുമാനിച്ചു.

ബംഗളൂരുവില്‍ എയര്‍ലൈന്‍സ് അധികൃതരുമായി ബാങ്ക് പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ഫണ്ട് സമാഹരണത്തെക്കുറിച്ചു യാതൊരു ഉറപ്പും നല്‍കാന്‍ കിംഗ്ഫിഷര്‍ അധികൃതര്‍ക്കായില്ല.

17 ബാങ്കര്‍മാരടങ്ങുന്ന കണ്‍സോര്‍ഷ്യം മുംബൈയില്‍ 18നു വീണ്ടും ചേര്‍ന്നു തുടര്‍ നടപടി കൈക്കൊള്ളാന്‍ തീരുമാനമെടുത്തു. എന്നാല്‍ ബാങ്കുകളുടെ തീരുമാനത്തെക്കുറിച്ചു പ്രതികരിക്കാന്‍ കിംഗ്ഫിഷര്‍ അധികൃതര്‍ തയാറായില്ല.

വായ്പ ലഭിക്കാന്‍ കിംഗ്ഫിഷര്‍ ഈട് നല്‍കിയിരിക്കുന്നത് ഗോവയിലെ വില്ല, ഹെലികോപ്റ്ററുകള്‍, മുംബൈയിലെ കിംഗ്ഫിഷര്‍ ഹൗസ്, ഓഹരികള്‍ എന്നിവയാണ്.യുഎഇ ആസ്ഥാനമായ ഇത്തിഹാദ്, ജെറ്റ് എയര്‍വേയ്സില്‍ നിക്ഷേപം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു.

ജപ്തി നടപടികള്‍ തുടങ്ങിയാല്‍ ഇത്തിഹാദ്, കിംഗ്ഫിഷറില്‍ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷ ഇല്ലാതാകും. വിദേശ വിമാനക്കമ്പനി ഓഹരി വാങ്ങുന്നതോടെ കടബാധ്യതയില്‍നിന്ന് രക്ഷപെടുമെന്നു കരുതിയിരുന്ന കിംഗ്ഫിഷറിനു മറ്റൊരു തിരിച്ചടിയാകും ഇത്. റിക്കവറി നടപടികള്‍ക്ക് ബാങ്കുകള്‍ തയാറെടുക്കുന്നെന്ന വാര്‍ത്തയെത്തുടര്‍ന്നു വെള്ളിയാഴ്ച കിംഗ്ഫിഷറിന്‍റെ ഓഹരികള്‍ ഇടിഞ്ഞു.

വായ്പ നല്‍കിയ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക് എന്നിവ പുനരുദ്ധാരണ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കോര്‍ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. റിക്കവറി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ കിംഗ്ഫിഷറില്‍ മുതല്‍മുടക്കുമെന്നു പ്രതീക്ഷിക്കുന്ന വിദേശ വിമാനക്കമ്പനികള്‍ പിന്മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :