കാര്‍ വിപണിയില്‍ ഉണര്‍വ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
കുറഞ്ഞ പലിശ നിരക്കും പുതിയ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതും പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ കാര്‍ വിപണിക്ക് സഹായകരമായി. ബജറ്റില്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പിന്‍‌വലിക്കാനുള്ള തീരുമാനവും വില വര്‍ധനയും ഉണ്ടാകുമെന്ന ഭയവും ജനുവരിയില്‍ കൂടുതല്‍ പേരെ കാര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതായാണ് വിലയിരുത്തല്‍. മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹ്യൂണ്ടായ്, ജനറല്‍ മോട്ടോഴ്സ് എന്നിവയ്ക്ക് റെക്കോര്‍ഡ് വില്‍പനയാണ് ജനുവരിയില്‍ ഉണ്ടായത്.

ഹ്യൂണ്ടായിയുടെ ആഭ്യന്തര കാര്‍ വില്‍പന ജനുവരിയില്‍ 41 ശതമാനം ഉയര്‍ന്നു. 1998ല്‍ ഇന്ത്യയില്‍ വിപണനം ആരംഭിച്ച ശേഷം ഉണ്ടായ ഏറ്റവും വലിയ വില്‍പന വളര്‍ച്ചയാണ് ജനുവരിയില്‍ ഉണ്ടായത്. ഉത്പാദന ചെലവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഉത്തേജന പാക്കേജ് തുടരണമെന്ന് മഹീന്ദ്ര ആവശ്യപ്പെട്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് വില്‍പനയില്‍ 20.33 ശതമാനം ഉയര്‍ച്ചയുണ്ടായി. 13997 യൂണിറ്റുകളാണ് മഹീന്ദ്ര ജനുവരിയില്‍ വിറ്റത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതിയുടെ അഭ്യന്തര വില്‍പന ജനുവരിയില്‍ 21 ശതമാനം ഉയര്‍ന്നു. 95649 കാറുകളാണ് മാരുതി ഈ വര്‍ഷത്തിലെ ആദ്യ മാസത്തില്‍ വിറ്റത്. ആള്‍ട്ടോ, വാഗണ്‍-ആര്‍, സെന്‍, റിറ്റ്സ്, സ്വിഫ്റ്റ്, റിറ്റ്സ് എന്നിവയുടെ വില്‍പന ജനുവരിയില്‍ 24.8 ശതമാനം ഉയര്‍ന്നു. എസ്X4, ഡിസയര്‍ എന്നിവയുടെ വില്‍പനയില്‍ 36.5 ശതമാനം വര്‍ധനയുണ്ടായി.
ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില്‍പന 43 ശതമാനം ഉയര്‍ന്ന് 26245 യൂണിറ്റുകളായി. പുതിയ മോഡലായ ബീറ്റ് വിപണിയിലിറക്കിയതോടെ ജനറല്‍ മോട്ടോഴ്സിന്‍റെ വില്‍പന 139 ശതമാനം ഉയര്‍ന്നു. സ്പാര്‍ക് മിനി കാര്‍ - 3447 യൂണിറ്റ്, ബീറ്റ് - 2825 യൂണിറ്റ്, ഷെവര്‍ലെ ക്രൂസ് - 686 എന്നിങ്ങനെയാണ് ജി‌എമ്മിന്‍റെ വില്‍പന.

ബൈക്കുകളുടെ വില്‍പനയിലും ജനുവരിയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 3.15 ലക്ഷം ബൈക്കുകള്‍ വില്‍പന നടന്ന ഹീറോ ഹോണ്ടയുടെ വില്‍പനയില്‍ 23.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മികച്ച തുടക്കമാണെന്ന് ഹീറോ ഹോണ്ട മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് അനില്‍ ഡുറ പറഞ്ഞു. അടുത്ത രണ്ട് മാസത്തിനകം പുതിയ മോഡല്‍ ബൈക്കുകള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :