ഓഹരി വില്‍‌ക്കാന്‍ മുത്തൂറ്റും ആലൂക്കാസും

കൊച്ചി| WEBDUNIA|
PRO
PRO
ഓഹരി വിപണിയിലേക്ക് കേരളത്തില്‍ നിന്ന് രണ്ട് കമ്പനികള്‍ കാലെടുത്ത് വയ്ക്കാനൊരുങ്ങുമ്പോള്‍ മലയാളി നിക്ഷേപകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. സ്വര്‍ണ പണയ രംഗത്ത് തകര്‍പ്പന്‍ പ്രകടനം നടത്തുന്ന മുത്തൂറ്റും ലോകമെമ്പാടും ജ്വല്ലറി ശൃംഖലകള്‍ തീര്‍ത്തിരിക്കുന്ന ജോയ് ആലൂക്കാസ് ഗ്രൂപ്പുമാണ് ഓഹരി വിപണിയില്‍ നിന്ന്‌ മൂലധന സമാഹരണത്തിന്‌ ഒരുങ്ങുന്നത്‌. കേരളത്തില്‍ നിന്ന് ഇതുവരെ നാല്‍‌പതോളം കമ്പനികള്‍ മാത്രമാണ് ഓഹരി വിപണിയില്‍ നിന്ന് ധനസമാഹരണത്തിന് ഇറങ്ങാന്‍ ധൈര്യപ്പെട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

മുത്തൂറ്റ് ഫിനാന്‍സ് മാര്‍ച്ച് നാലാം വാരത്തില്‍ നടത്തുന്ന ജുഡീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 1200 കോടിക്കും 1400 കോടി രൂപയ്ക്കുമിടയില്‍ സ്വരൂപിക്കും എന്നാണ് അറിയുന്നത്. 13.85 ശതമാനം ഓഹരി വിറ്റഴിക്കാനാണ് പദ്ധതി. മൊത്തം 5.15 കോടി ഓഹരികളാണിറക്കുന്നത്. ബോംബെ എക്‌സ്‌ചേഞ്ചിലും നാഷണല്‍ എക്‌സ്‌ചേഞ്ചിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും. മുത്തുറ്റിന് ലഭിച്ചിരിക്കുന്ന ക്രിസില്‍ റേറ്റിംഗ് 4/5 ആണ്. ഒരു ബിസിനെസ്സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും, സ്വര്‍ണ്ണ വിലയില്‍ ഉണ്ടായേക്കാവുന്ന ഇടിവ് കമ്പനിക്ക്‌ ദോഷം ചെയ്യും എന്നതും ഒഴിച്ചാല്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു ഇഷ്യൂ ആണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ജോയ് ആലൂക്കാസ് ഗ്രൂപ്പ് ആകട്ടെ, 51,500,000 ഓഹരികളാണ് ഐപിഒ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. 10 രൂപയായിരിക്കും ഓഹരി മുഖവില. പ്രീമിയത്തോടെയായിരിക്കും ഓഹരി വില്‍പന. മുംബൈ, ഡല്‍ഹി സ്റ്റോക്‌ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യാനാണ്‌ ജോയ് ആലൂക്കാസ് ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. രാജ്യാന്തര തലത്തില്‍ വേരുകള്‍ പടര്‍ത്തി പ്രവര്‍ത്തിക്കുന്ന ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പിന്‌ ലണ്ടന്‍, ദുബായ്‌, ബഹറിന്‍, ഖത്തര്‍ കുവൈറ്റ്‌, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഈ ഗ്രൂപ്പിന്റെ കീഴില്‍ ഇപ്പോള്‍ 22 വിപണന കേന്ദ്രങ്ങള്‍ ഉണ്ട്‌. ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ ഇഷ്യുവും നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകും എന്നാണ് കരുതപ്പെടുന്നത്.

കേരളത്തില്‍ നിന്ന് ഓഹരി വിപണിയിലേക്ക് കാലെടുത്തുവച്ച പ്രമുഖ കമ്പനികളാണ് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വി-ഗാര്‍ഡും മറ്റൊരു സ്വര്‍ണ പണയ സ്ഥാപനമായ മണപ്പുറവും. സ്വര്‍ണ പണയ വായ്പ പ്രധാന ബിസിനസ്‌ ആയ ഒരു ലിസ്റ്റഡ് കമ്പനി മാത്രമേ ഇന്നുള്ളൂ, മണപ്പുറം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :