ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്റെ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: പ്രതി തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് 30 ലക്ഷം രൂപയോളം തട്ടിയെടുത്തതിന്‌ ഉച്ചക്കട പയറ്റുവിള സ്വദേശി ജയരാജ് എന്ന 50 കാരന്‍ പിടിയിലായി.

ഐഎസ്ആര്‍ഒ യില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍റെ അക്കൌണ്ടില്‍ നിന്നാണ്‌ ജയരാജ് ഇത്തരമൊരു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ 45 വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ ഡോ എം കെ മുഖര്‍ജിയുടെ അക്കൌണ്ടില്‍ നിന്ന് മൂന്നു വര്‍ഷം മുമ്പാണ്‌ ജയരാജ് പണം തട്ടിയത്.

ഷാഡോ പൊലീസാണ്‌ ജയരാജിനെ വലയിലാക്കിയത്. തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഒരു ആശ്രമത്തില്‍ അന്തേവാസിയായി കഴിയുന്ന മുഖര്‍ജിക്ക് പരിചാരകന്‍ എന്ന നിലയില്‍ ജയരാജിനെ ഏര്‍പ്പെടുത്തിയിരുന്നു.

മുഖര്‍ജിയുടെ വിശ്വാസം പിടിച്ചുപറ്റി വിവിധ ബാങ്ക് അക്കൌണ്ടുകളില്‍ എടിഎം കാര്‍ഡുകള്‍ കൈക്കലാക്കിയായിരുന്നു ജയരാജ് പണം തട്ടിയത്. അടുത്തിടെ മുഖര്‍ജിയുടെ സഹപ്രവര്‍ത്തകരായിരുന്ന ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ മുഖ്യര്‍ജിയുടെ അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോഴാണ്‌ തട്ടിപ്പ് വെളിപ്പെട്ടത്.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ ശ്രീനിവാസിന്‍റെ നിര്‍ദ്ദേശ പ്രകാരം കണ്‍ട്രോള്‍ റൂം സി ഐ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ്‌ ജയരാജിനെ കുടുക്കിയത്. തട്ടിയെടുത്ത പണത്തില്‍ മുക്കാല്‍ പങ്കും ജയരാജ് നാട്ടില്‍ വീട് പണിയാനാണ്‌ ഉപയോഗിച്ചത് എന്ന് കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :