ഐ പാഡ് ഇന്ത്യയിലെത്താന്‍ വൈകും

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 15 ഏപ്രില്‍ 2010 (12:43 IST)
PRO
ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ ശ്രേണിയിലെ നവാഗതനായ ഐ പാഡ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എത്താന്‍ വൈകും. യു‌എസിന് പുറത്തേക്കുള്ള രാജ്യങ്ങളില്‍ ഐ പാഡ് വില്‍ക്കുന്നത് ഒരു മാസത്തേക്ക് ആപ്പിള്‍ വൈകിപ്പിച്ചിരിക്കുകയാണ്. അമേരിക്കയില്‍ ഐ പാഡിന് പ്രതീക്ഷിച്ചിതിലും അധികം ആവശ്യക്കാരേറിയതാണ് തീരുമാനത്തിന് കാരണം.

ഈ മാസം അവസാനത്തോടെ വിദേശരാജ്യങ്ങളില്‍ ഐ പാഡ് എത്തിക്കാനായിരുന്നു ആപ്പിള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മെയ് അവസാനത്തോടെ മാത്രമേ വിദേശരാജ്യങ്ങളില്‍ ഉല്‍‌പന്നം എത്തിക്കാനാകൂ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

അമേരിക്കയില്‍ ഐ പാഡ് വന്‍ വിജയമായിക്കഴിഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കുന്നു. ആദ്യ ആഴ്ചയില്‍ തന്നെ അഞ്ച് ലക്ഷത്തിലധികം ഐ പാഡ് വിറ്റഴിഞ്ഞു. ധാരളം മുന്‍‌കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. മുന്‍‌കൂര്‍ ബുക്കിംഗ് നടത്തിയ ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ അവസാനത്തോടെ ഐ പാഡ് വിതരണം ചെയ്യാനാണ് കമ്പനി തീരുമാനം.

ഈ മാസം മൂന്നിനാണ് ആപ്പിള്‍ ഐ പാഡ് യു‌എസ് വിപണിയിലെത്തിച്ചത്. ആപ്പിളിന്‍റെ ഇരുന്നൂറ് ഷോപ്പുകള്‍ വഴിയും ഇലക്ട്രോണിക് ഉല്‍‌പന്ന വിതരണശൃംഖലയായ ബെസ്റ്റ് ബേയുടെ ഷോപ്പുകള്‍ വഴിയുമാണ് ഐ പാഡുകള്‍ യു‌എസില്‍ വില്‍ക്കുന്നത്. 2007 ല്‍ ഐ ഫോണ്‍ പുറത്തിറക്കിയതിനുശേഷം ആപ്പിളിന്‍റെ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ ശ്രേണിയിലെ പുത്തന്‍ അതിഥിയാണ് ഐ പാഡ്‌. 499 ഡോളര്‍ മുതല്‍ ത്രീ ജി സംവിധാനമുള്ള 800 ഡോളര്‍ വരെ വില വരുന്ന ഐ പാഡുകളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :