എല്‍ഐസി ബാങ്ക് പങ്കാളിത്തം ഉയര്‍ത്തി

മുംബൈ| WEBDUNIA|
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സേവന ദാതാവായ എല്‍ഐസി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമുള്ള ഓഹരി പങ്കാളിത്തം ഉയര്‍ത്തി. എസ്ബിഐയിലെ ഓഹരി പങ്കാളിത്തം 9.16 ശതമാനമായും ഐഒബിയിലേത് 9.96 ശതമാനമായുമാണ് എല്‍ഐസി ഉയര്‍ത്തിയത്.

1,484.12 കോടി രൂപ മൂല്യം വരുന്ന 1.34 കോടി ഓഹരികളാണ് എസ്ബിഐയില്‍ എല്‍ഐസി അധികമായി നേടിയത്. ബാങ്കിന്‍റെ മൊത്തം ഓഹരി മൂല്യത്തിന്‍റെ 2.11 ശതമാനം വരും ഇത്. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 2008 നവംബറിനും 2009 മാര്‍ച് രണ്ടിനും ഇടയിലാണ് ഓഹരി വില്‍പന നടന്നത്. മുംബൈ വിപണിയില്‍ എസ്ബിഐ ഓഹരികള്‍ക്ക് 2.87 ശതമാനം വില ഉയര്‍ന്ന് 980.40 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഐഒബിയില്‍ 57.65 കോടി രൂപ മൂല്യം വരുന്ന 1.56 കോടി ഓഹരികളാണ് എല്‍ഐസി അധികമായി നേടിയത്. ഫെബ്രുവരി 19നും മാര്‍ച്ച് മൂന്നിനും ഇടയിലായി ബാങ്കിന്‍റെ 2.86 ശതമാനം ഓഹരി പങ്കാളിത്തം എല്‍ഐസി നേടിയതായി മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ ഐഒബി വ്യക്തമാക്കി. പുതിയ ഓഹരി വില്‍പനയിലൂടെ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന് ഐഒബിയിലുള്ള ആകെ ഓഹരികളുടെ മൂല്യം 5.4 കോടി രൂപയായി. മുംബൈ വിപണിയില്‍ ഐഒബി ഓഹരികള്‍ 1.85 ശതമാനത്തിന്‍റെ ഉയര്‍ച്ചയില്‍ 44.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :