ലോകത്തിലെ നാലാമത്തെ വിമാനക്കമ്പനിയായ എംബ്രസ ബ്രസീലിറ എയ്റോനോട്ടിക്ക ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം തൊഴില്‍ ക്ഷമതയില്‍ 20 ശതമാനത്തിന്റെ കുറവ് വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യ എണ്ണം എംബ്രയര്‍ പുറത്ത് വിട്ടിട്ടില്ല. ആഗോളതലത്തില്‍ 21,362 ജീവനക്കാരാണ് കമ്പനിയിലുള്ളത്. വാണിജ്യ എക്സിക്യൂട്ടീവ് വിമാനങ്ങളുടെ ആവശ്യകത ഗണ്യമായി കുറഞ്ഞതാണ് പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ വിശദീകരിച്ചു.
ഉല്പാദന വിഭാഗത്തിലും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലുമാണ് കൂടുതല്‍ പിരിച്ചുവിടലുകളുണ്ടാവാന് സാധ്യത. അതേസമയം, പുതിയ പ്രൊഡക്ടുകളും ടെക്നോളജിയും വികസിപ്പിച്ചെടുക്കാന്‍ എഞ്ചിനീയറിംഗ് പോസ്റ്റുകള്‍ കമ്പനി നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയുടെ ബോയിംഗിനും യൂറോപ്പിലെ എയര്‍ബസിനും കാനഡയുടെ ബൊംബാര്‍ഡിയറിനും ശേഷം നാലാമത്തെ വലിയ വിമാന നിര്‍മ്മാതാക്കളാണ് ബ്രസീല്‍ ആസ്ഥാനമയുള്ള എംബ്രയര്‍.