എണ്ണ വില 115 $ ആയേക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2008 (14:10 IST)

ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് നിലവില്‍ 100 $ എന്ന നിലയിലാണ്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ 115 $ ആയി ഉയരുമെന്നാണ് കരുതുന്നത്.

വ്യാപാര വാണിജ്യ സംഘടനയായ അസോച്ചെം പ്രസിഡന്‍റ് സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞതാണിത്. നിലവിലെ വിവിധ രാജ്യങ്ങളിലെ സംഘര്‍ഷാവസ്ഥകളും രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളും ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ ചാഞ്ചാട്ടം ഉണ്ടാക്കിയിരിക്കുകയാണ്.

ജൂലൈ 11 ന് വീപ്പയ്ക്ക് 147 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡോയില്‍ വില അടുത്തിടെ 100 ഡോളറിന് അടുത്തെത്തിയിരുന്നു. ഒരവസരത്തില്‍ വില 90 ഡോളര്‍ വരെ താണിരുന്നു.

എന്നാല്‍ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിവിധ സ്ഥിതിഗതികള്‍ എണ്ണ വില രണ്ട് ദിവസം മുമ്പ് ഒറ്റയടിക്ക് 16 ഡോളര്‍ കണ്ട് വര്‍ദ്ധിച്ച് റിക്കോഡ് സൃഷ്ടിച്ചിരുന്നു.

ക്രൂഡോയിലിന്‍റെ ആവശ്യം ഉയരുകയാണെങ്കില്‍ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ക്രൂഡോയില്‍ വില ഗണ്യമായി വര്‍ദ്ധിച്ചതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണ ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം എണ്ണ ഉപഭോഗം വീണ്ടും കുറയാനിടയാക്കും എന്നാണ് കരുതുന്നത്. എങ്കിലും സാമ്പത്തിക വര്‍ഷാവസാനത്തോടെ എണ്ണ വില ഏതാണ്ട് 115 ഡോളറിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത് എന്നും അസോച്ചെം പ്രസിഡന്‍റ് സജ്ജന്‍ ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :