ഇറക്കുമതി ചെയ്യുന്ന വിഷാംശം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ക്ക് വിപണിയില്‍ നല്ല വിലക്കുറവാണ്. എന്നാല്‍, വിലക്കുറവാണെന്ന് കരുതി ഇവ കുട്ടികള്‍ക്ക് വാങ്ങി നല്‍കാന്‍ പോകുന്നവര്‍ സൂക്ഷിക്കുക. മാരക രാസവസ്തുക്കള്‍ അടങ്ങിയ കളിപ്പാട്ടങ്ങളാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയണ്‍മെന്‍റ് (സിഎസ്‌ഇ) നടത്തിയ പഠനത്തിലാണ് ചൈനയില്‍ നിന്നുള്ള കളിപ്പാട്ടങ്ങളില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയത്.

ചെറിയ പ്രശ്നങ്ങളൊന്നുമല്ല പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഈ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നത്. മനുഷ്യരില്‍ അലര്‍ജി, ആസ്ത്‌മ തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും അസ്ഥിസംബന്ധമായ അസുഖത്തിനും പ്രത്യുത്പാദന വ്യവസ്ഥയെ തകരാറിലാക്കുന്നതിനും കാരണമാകാവുന്ന തലേറ്റ്സ്‌ എന്ന രാസവസ്തു കളിപ്പാട്ടങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് സി എസ് ഇയുടെ പഠനത്തില്‍ വ്യക്തമായി. 45 ശതമാനം സാമ്പിളുകളും തലേറ്റ്സിന്‌ അനുവദിച്ചിരിക്കുന്ന അന്തര്‍ദേശീയ സുരക്ഷാ പരിധി ലംഘിച്ചിട്ടുണ്ട്‌.

വികസിത രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള കളിപ്പാട്ടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇവയുടെ ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും സംഘടന പറയുന്നു. പ്ലാസ്റ്റിക് കൂടുതല്‍ സോഫ്റ്റ് ആക്കുന്നതിനാണ് തലേറ്റ്സ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ സോഫ്റ്റായ കളിപ്പാട്ടങ്ങളാണ് കൂടുതല്‍ അപകടകാരി. ഇവ കുട്ടികള്‍ വായിലിടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു.

ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കളിപ്പാട്ടങ്ങളിലാണ്‌ മാരക രാസവസ്തു ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ചൈനീസ്‌ നിര്‍മിത കളിപ്പാട്ടങ്ങളില്‍ 57 ശതമാനവും തായ്‌വാന്‍ നിര്‍മിത കളിപ്പാട്ടങ്ങള്‍ പൂര്‍ണമായും പരിധിയിലും കൂടുതല്‍ തലേറ്റ്സ് അടങ്ങിയവയാണെന്ന് അവര്‍ പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട കാര്യം അമിത തോതില്‍ രാസവസ്തു ഉള്ളതായി കണ്ടെത്തിയ കളിപ്പാട്ടങ്ങളില്‍ വിഷാംശമില്ലാത്തത്‌, സുരക്ഷിതം തുടങ്ങിയ ലേബലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ(ബിഐഎസ്‌) മാനദണ്ഡങ്ങള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഈ മാസം 23നാണ് അവസാനിക്കാനിക്കുന്നത്. അതിനിടെയാണ് ചൈനീസ് കളിപ്പാട്ടങ്ങളില്‍ മാരക വിഷാംശം അടങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ബിഐഎസ്‌ മാനദണ്ഡങ്ങളില്‍ തലേറ്റ്സിന്‍റെ ഉപയോഗം നിരോധിച്ചിട്ടില്ല എന്നത് കൂടുതല്‍ ശ്രദ്ധേയമാണ്. നേരത്തെ ചൈനീസ് കളിപ്പാട്ടങ്ങള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സമ്മര്‍ദ്ദങ്ങളുടെ ഫലമായി നിരോധനം എടുത്തുകളയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :