ഇന്ധനവില കുറക്കണം: പ്രഫുല്‍ പട്ടേല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2008 (16:16 IST)
ആഗോളതലത്തില്‍ അനുഭവപ്പെടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കുഴപ്പത്തിലാക്കിയ വ്യോമയാന മേഖലയെ രക്ഷിക്കുന്നതിന് ഇന്ധനവില കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം 18.5 ശതമാനം കണ്ട് കുറഞ്ഞ സാഹചര്യത്തിലാണ് ഇത്. ജെറ്റ് ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് വിമാനയാത്രാ നിരക്കിലുണ്ടായ വര്‍ദ്ധനവ് യാത്രക്കാരെ മറ്റു യാത്രാമാര്‍ഗ്ഗങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചിരിക്കുന്നു.

ഗോവ, പറ്റ്ന, തിരുവനന്തപുരം, ഗുവാഹതി, കോഴിക്കോട്, ശ്രീനഗര്‍, ഉദയ്പ്പൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് യാത്രക്കാരില്ലാത്ത അവസ്ഥയാണ്. ജെറ്റ് ഇന്ധനത്തിന് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കാള്‍ 60-70 ശതമാനം കൂടുതലാണ് ഇന്ത്യയില്‍ ഈടാക്കുന്ന തുക.

ഇന്ധനവിലയും നികുതികളും കുറച്ചു സഹായിച്ചില്ലെങ്കില്‍ എയര്‍ലൈന്‍സ് കമ്പനികള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില കുറക്കണമെന്ന് പട്ടേല്‍ ആവശ്യപ്പെടുമ്പോള്‍ പെട്രോളിയം മന്ത്രി മുരളി ദിയോറയും ധനമന്ത്രി ചിദംബരവും ഈ നീക്കത്തിന് എതിരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :