ആസിയാന്‍: മലേഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക്

കൊലാലപൂര്‍| WEBDUNIA| Last Modified വെള്ളി, 14 ഓഗസ്റ്റ് 2009 (16:28 IST)
പുതുതായി ഒപ്പുവച്ച ആസിയാന്‍ കരാറിലൂടെ 80 ശതമാനത്തോളം മലേഷ്യന്‍ ഉല്‍‌പങ്ങള്‍ നികുതിയിളവുകളോടെ ഇന്ത്യയിലെത്തും. 2016 ആകുമ്പോഴേക്ക് ഇന്ത്യയില്‍ വലിയൊരു വിപണി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മലേഷ്യന്‍ വാണിജ്യ മന്ത്രി മുസ്തഫ മൊഹമ്മദ് പറഞ്ഞു.

71 ശതമാനം മലേഷ്യന്‍ ഉല്‍‌പന്നങ്ങളും 2013 ആവുമ്പോഴേക്കും നികുതിയിളവുകളോടെ രാജ്യത്തെത്തും. 2016 ആകുമ്പോഴേക്ക് ഇത് 80 ശതമാനമായി ഉയരും. ബാക്കിയുള്ളവയുടെ നികുതി പത്ത് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്.

ഇന്നലെയാണ് ബാങ്കോകില്‍ നടക്കുന്ന ആസിയാന്‍ ധനമന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. 2010 ജനുവരി ഒന്നുമുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. കരാര്‍ പ്രകാരം ഈ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ 85% ഇനങ്ങള്‍ക്ക്‌ പത്ത്‌ കൊല്ലത്തിനകം നികുതി കുറയ്‌ക്കുകയോ എടുത്ത്‌ കളയുകയോ ചെയ്യേണ്ടി വരും. ഇത് ഇന്ത്യയ്ക്ക് 170 കോടി ഡോളറിന്റെ വിപണി തുറന്ന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം പല ഉല്‍പ്പന്നങ്ങളുടേയും ഇറക്കുമതി തീരുവ കുറയ്‌ക്കേണ്ടി വരുന്നത്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിയ്‌ക്കുമെന്ന ആശങ്ക നിലനില്‌ക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :