തിരുവനന്തപുരം|
Last Modified വെള്ളി, 25 ഡിസംബര്‍ 2015 (14:47 IST)
ആറന്മുള വിമാനത്താവളം ആരു വിചാരിച്ചാലും നടക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രസര്‍ക്കാര്‍ എല്ലാ അനുമതികളും പിന്‍വലിച്ചിരിക്കുകയാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും തീരുമാനമെടുത്തു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിനുവേണ്ടി ശ്രമം തുടരുന്നു. വിമാനത്താവളം പണിയാന്‍ പത്തനംതിട്ടയില്‍ തന്നെ വേറെ സ്ഥലമുണ്ടെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയക്കാരാണെന്നും താന്‍ ഒരു തരത്തിലുള്ള വര്‍ഗീയതയ്ക്കും കൂട്ടുനില്‍ക്കില്ലെന്നും കുമ്മനം വ്യക്തമാക്കി. തോജോവധരാഷ്ട്രീയമാണ് കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും നടപ്പാക്കുന്നത്. ക്ഷേത്ര പരിസരത്ത് അന്യ മതസ്ഥര്‍ വ്യാപാരം നടത്തരുതെന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നും നിലനില്‍പ്പിന്റെ പ്രശ്നമായതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയും പിണറായിയും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് - മനോരമ ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ കുമ്മനം വ്യക്തമാക്കി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റയ്ക്കല്ല മത്സരിക്കുന്നത്‍. എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജനസേനയുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. വെള്ളാപ്പള്ളിയുടെ വിശ്വാസ്യതയില്‍ സംശയമില്ല. അദ്ദേഹത്തെ കുടുക്കാന്‍ വേണ്ടി ഇടതു വലതു മുന്നണികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കേരളത്തില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ബി ജെ പി നേടുമെന്ന് വെറുതെ പറഞ്ഞതല്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.