അംബാനി സഹോദരന്‍മാര്‍ തമ്മിലുള്ള വാതക തര്‍ക്കത്തില്‍ മുകേഷ് അംബാനി ഗ്രൂപ്പിന്‍റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പറഞ്ഞു. വാതക തര്‍ക്കത്തില്‍ പെട്രോളിയം മന്ത്രാലയം പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതായ അനില്‍ അംബാനി ഗ്രൂപ്പിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം പൊതുമേഖല സ്ഥാപനമായ എന്‍ടിപിസിയുടെ താല്‍പര്യങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവ്‌റ പറഞ്ഞു. ആര്‍ഐഎല്ലിന്‍റെ കെജി-ഡി6 ഫീല്‍ഡില്‍ നിന്നുമുള്ള വരുമാനം 84,000 കോടി രൂപയാണെന്നും അനില്‍ ആരോപിക്കുന്നത് പോലെ 500 കോടി രൂപയല്ലെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി.
അംബാനി സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കം എണ്ണ വാതക മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി മന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ പര്യവേഷണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായി വിദേശ രാജ്യങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ദേവ്‌റ അറിയിച്ചു.