ആത്മഹത്യ തടയാന്‍ ഫോക്സ്കോണ്‍ ശമ്പളം ഉയര്‍ത്തുന്നു

തായ്പേയ്| WEBDUNIA| Last Modified വെള്ളി, 28 മെയ് 2010 (18:01 IST)
തൊഴിലാളികളുടെ മൂലം പ്രതിക്കൂട്ടിലായ ഫോക്സ്കോണ്‍ കമ്പനി ശമ്പള വര്‍ദ്ധനയിലൂടെ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒരുങ്ങുന്നു. ഫോക്സ്കോണിന്‍റെ ഉടമസ്ഥരായ തായ്‌വാനിലെ ഹോണ്‍ ഹായ് പ്രസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തതായാണ് വിവരം. ഇരുപത് ശതമാനം വരെ ശമ്പള വര്‍ദ്ധന അനുവദിക്കാനാണ് തീരുമാനമെന്നാണ് സൂചന.

ഹോണ്‍ ഹായ് വക്താവ് എഡ്മുണ്ട് ഡിങ് ആണ് ശമ്പള വര്‍ദ്ധനയ്ക്ക് കമ്പനി തയ്യാറെടുക്കുന്നുവെന്ന സൂചന നല്‍കിയത്. എന്നാല്‍ എത്ര ശതമാനമാണ് വര്‍ദ്ധനയെന്നോ എന്ന് മുതലാണ് നടപ്പില്‍ വരികയെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. ഈ വര്‍ഷം ഇതുവരെ പത്ത് തൊഴിലാളികള്‍ ഫോക്സ്കോണില്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ ചൈനയിലെ കമ്പനിയുടെ ശാഖയില്‍ ഒരു തൊഴിലാളി ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

ഇത് കൂടാതെ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ തക്കസമയത്ത് ചികിത്സ കിട്ടിയതിനാല്‍ രക്ഷപെടുകയായിരുന്നു. ആത്മഹത്യകള്‍ തുടര്‍ക്കഥയായതോടെ തൊഴിലാളി പ്രശ്നങ്ങള്‍ ഉയര്‍ത്തി കമ്പനിക്കെതിരെ പ്രതിഷേധവും വ്യാപകമായിരുന്നു. ശമ്പള വര്‍ദ്ധന ആത്മഹത്യാ പ്രവണത നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്നും എഡ്മുണ്ട് ഡിങ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ആപ്പിള്‍, സോണി എറിക്സണ്‍, ഡെല്‍, നോകിയ തുടങ്ങിയ കമ്പനികള്‍ ടെക്നോളജി കമ്പനിയായ ഫോക്സ്കോണിന്‍റെ സേവനം സ്ഥിരമായി തേടുന്ന കമ്പനികളാണ്. എന്നാല്‍ തൊഴിലാളി ആത്മഹത്യകള്‍ തുടര്‍ക്കഥയായതോടെ ഫോക്സ്കോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇവരില്‍ പലരും തുനിഞ്ഞിരുന്നു. ഫോക്സ്കോണിലെ തൊഴില്‍ സാഹചര്യം പരിശോധിക്കുമെന്നും ഈ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഫോക്സ്കോണിന്‍റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :