അമേരിക്കന്‍ വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ന്യൂയോര്‍ക്ക്| WEBDUNIA|
സിറ്റി ഗ്രൂപ്പിന്‍റെ ഓഹരികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതും സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്ന വാണിജ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടും യുഎസ് വിപണിയില്‍ കരിനിഴല്‍ വീഴ്ത്തി. മിക്ക അമേരിക്കന്‍ വിപണികളും നഷ്ടത്തോടെയാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.

ഡൌജോണ്‍സ് വിപണിയില്‍ ഇന്നലെ 1.16 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. 1997 മെയ് ഒന്നിന് ശേഷം ആദ്യമായാണ് വിപണി ഇത്രയും താഴ്ന്ന സൂചികയില്‍ ക്ലോസ് ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് വിപണി 2.36 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. നസ്ദാക്ക് വിപണി 0.98 ശതമാനത്തിന്‍റെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ സാമ്പത്തിക മേഖല 6.2 ശതമാനമായി കുറഞ്ഞതായാണ് വാണിജ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1982ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. കയറ്റുമതിയും ഉപഭോഗവും ഗണ്യമായി കുറഞ്ഞത് സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായി.

സിറ്റി ഗ്രൂപ്പുമായി വെള്ളിയാഴ്ച ഉണ്ടാക്കിയ കരാര്‍ പ്രകാരം ബാങ്കിന്‍റെ 36 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ സിറ്റിഗ്രൂപ്പിന്‍റെ രക്ഷയ്ക്കായി നടപടികള്‍ സ്വീകരിക്കുന്നത്. സിറ്റി ഗ്രൂപ്പ് ഓഹരികള്‍ക്ക് ഇന്നലെ 39 ശതമാനത്തോളം ഇടിവാണ് നേരിട്ടത്. 27.7 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് ബാങ്കിന് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.

മറ്റ് സമ്പത്തിക സ്ഥാപനങ്ങളുടെ കാര്യവും ഏറെ മെച്ചമല്ല. ബാങ്ക് ഓഫ് അമേരിക്കയ്ക്ക് 26 ശതമാനവും വെല്‍സ് ഫാര്‍ഗൊ ആന്‍ഡ് കോര്‍പറേഷന് 16 ശതമാനവും നഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :