രാജ്യം ഇനി ജി എസ് ടിയുടെ ഗുണഫലം അനുഭവിക്കും; ഏറ്റവും നേട്ടമാകുന്നത് ഉപഭോക്തൃസംസ്ഥാനങ്ങള്‍ക്ക്

ഇനി ജി എസ് ടിയുടെ ഗുണഫലം അനുഭവിക്കും

ചെന്നൈ| JOYS JOY| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (16:07 IST)
ആരുടെ കുഞ്ഞാണെങ്കിലും മറ്റുള്ളവര്‍ വളര്‍ത്താറുണ്ടെന്നും ശ്രീകൃഷ്‌ണന്റെ ജനനത്തെക്കുറിച്ച് പോലും അങ്ങനെ കേട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രി ഇങ്ങനെ പറയാനുണ്ടായ സാഹചര്യം ജി എസ് ടി അഥവാ ചരക്കുസേവന നികുതി ബില്‍ യു പി എ സര്‍ക്കാരിന്റെ കുഞ്ഞാണെന്ന കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയായിരുന്നു. ജി എസ് ടി ബില്‍ യു പി എ സര്‍ക്കാരിന്റെ കുഞ്ഞാണെന്നും കുഞ്ഞിനുമേല്‍ ബിജെ പി അവകാശവാദം ഉന്നയിക്കുകയാണെന്നും ആയിരുന്നു ഖാര്‍ഗെയുടെ പരാതി. മോദി സര്‍ക്കാര്‍ സമവായത്തിന് ശ്രമിച്ചിരുന്നെങ്കില്‍ രണ്ടുവര്‍ഷം മുമ്പു തന്നെ ചരക്കുസേവന നികുതി ബില്‍ പാസാക്കാമായിരുന്നെന്നും ഖാര്‍ഗെ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിനും ഈ സര്‍ക്കാരിനും അഭിമാനിക്കാവുന്ന നിമിഷമാണ് ഇതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാരുകള്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ് ചരക്കുസേവന നികുതി. ചരക്കുസേവനനികുതി നടപ്പാക്കുന്നതിന് വഴിയൊരുക്കുന്ന ഭരണഘടന ഭേദഗതി ബില്ലിന് ലോക്സഭയും അംഗീകാരം നല്കി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയശേഷം എ ഐ ഡി എം കെ ഒഴികെയുള്ള രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയോടെയാണ് കഴിഞ്ഞദിവസം ബില്‍ പാസാക്കിയത്. കഴിഞ്ഞദിവസം രാജ്യസഭ പാസാക്കിയ ബില്‍ മാറ്റങ്ങളില്ലാതെയാണ് ലോക്സഭ പാസാക്കിയത്. പാര്‍ലമെന്റ് അംഗീകരിച്ച ഭരണഘടനാ ഭേദഗതിബില്ലിന് ഇനി പകുതിയിലേറെ സംസ്ഥാനങ്ങള്‍ അനുമതി നല്കണം. തുടര്‍ന്ന് രാഷ്‌ട്രപതിയുടെ അംഗീകാരം തേടണം.

ജി എസ് ടി അഥവാ ചരക്കുസേവന നികുതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് രാജ്യം ഒരു ഒറ്റ കമ്പോളമായി മാറും എന്നതാണ്. നികുതിയും നികുതിക്കു മേല്‍ നികുതിയും എന്ന നിലവിലെ രീതി മാറി ഒരൊറ്റ നികുതി എന്ന സമ്പ്രദായത്തിലേക്കാണ് മാറ്റം. ഇങ്ങനെയൊരു മാറ്റം വരുന്നതോടെ പൊതുജനങ്ങള്‍ക്ക് നികുതിഭാരം കുറയും. മാത്രമല്ല, രാജ്യത്ത് ഏതു സംസ്ഥാനത്തും ഒരേ നിരക്കിലുള്ള നികുതിയായിരിക്കും. അതുകൊണ്ടു തന്നെ അന്തര്‍സംസ്ഥാന കള്ളക്കടത്തുകളെ നിയന്ത്രിക്കാനും ഇതുവഴി കഴിയും.

ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാണ് ജി എസ് ടി ബില്‍ ഏറ്റവും കൂടുതല്‍ ഗുണകരമാകുക. അതുകൊണ്ടു തന്നെ ജി എസ് ടി ബില്‍ ഏറ്റവും ഗുണപ്രദമാകുന്ന സംസ്ഥാനം കേരളമാണ്. കാരണം, രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമാണ് കേരളമെന്നത് തന്നെ. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മൊത്തം ഉല്പന്നങ്ങളില്‍ ഏതാണ്ട് 75 ശതമാനവും പുറമേ നിന്നെത്തുന്നവയാണ്.

നിലവിലുള്ള സങ്കീര്‍ണമായ നികുതി സമ്പ്രദായത്തില്‍ നിന്ന് ജി എസ് ടി എന്ന ഒരൊറ്റ നികുതിയിലേക്ക് മാറുന്നതോടെ ഉല്പന്നങ്ങളുടെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് ഗുണകരമാകും. നിലവില്‍ സെന്‍ട്രല്‍ എക്സൈസ് തീരുവ, സെസ്, സെന്‍ട്രല്‍ സെയില്‍സ് ടാക്സ്, വാറ്റ് എന്നിവയായി ഉല്പന്നങ്ങള്‍ക്ക് ഉല്പാദന ചെലവിന്റെ മേല്‍ 35 - 40 ശതമാനം വരെ ഇപ്പോള്‍ നമ്മള്‍ നികുതി നല്കുന്നുണ്ട്. ജി എസ് ടി നിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കിലും ശരാശരി നിരക്ക് 18-20 ശതമാനമായിരിക്കും എന്നാണ് നിഗമനം. നികുതിയില്‍ ഉണ്ടാകുന്ന ഈ കുറവ് ഉല്പന്നങ്ങളുടെ വില കുറയാനും കാരണമാകും. കയറ്റുമതിക്കാര്‍ക്കും ജി എസ് ടി നേട്ടമാകും. നികുതിഘടനയിലെ സങ്കീര്‍ണതകള്‍ ഒഴിവാകുന്നത് കയറ്റുമതി മേഖലയ്ക്കും ഗുണകരമാകും. ഉല്പന്നങ്ങളുടെ നികുതിഭാരം കുറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും സഹായകമാകും. ഉല്പന്നങ്ങള്‍ പലതിനും വില കുറയുമെങ്കിലും ജി എസ് ടി വരുമ്പോള്‍ സേവനങ്ങള്‍ക്ക് ചെലവ് കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സേവന നികുതി ഉയരുമെന്നതാണ്
ഇതിന് കാരണം. നിലവിലുള്ള 15 ശതമാനത്തില്‍ നിന്ന് സേവനനികുതി 18 ശതമാനമായി ഉയര്‍ന്നേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :