ബജറ്റ് 2019: പെട്രോളിനും ഡീസലിനും സ്വര്‍ണത്തിനും വില കൂടും, പണം പിന്‍‌വലിക്കുന്നതിനും നികുതി

ന്യൂഡല്‍ഹി| Last Modified വെള്ളി, 5 ജൂലൈ 2019 (13:53 IST)
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കും. പെട്രോളിനും ഡീസലിനും ഒരു രൂപ സെസും ഒരു രൂപ തീരുവയും വര്‍ദ്ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം വര്‍ദ്ധിക്കുന്നത്.

സ്വര്‍ണത്തിനും വെള്ളിക്കും വിലകൂടും. ഇവയുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതോടെയാണിത്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നികുതി റിട്ടേണ്‍ നല്‍കാം. ആദായ നികുതി സ്ലാബില്‍ മാറ്റമില്ല. അഞ്ചുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. രണ്ടുകോടി മുതല്‍ അഞ്ചുകോടി രൂപ വരെ വരുമാനമുള്ളവര്‍ക്ക് മൂന്നുശതമാനം സര്‍ചാര്‍ജ്ജ്. അതിനുമുകളില്‍ വരുമാനമുള്ളവര്‍ക്ക് ഏഴുശതമാനം സര്‍ചാര്‍ജ്ജ്.

ബാങ്ക് അക്കൌണ്ടില്‍ നിന്ന് ഒരുകോടിയിലധികം രൂപ പണമായി പിന്‍‌വലിച്ചാല്‍ രണ്ടുശതമാനം ടി ഡി എസ്. ഇലക്‍ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ്. 2020 മാര്‍ച്ച് വരെയുള്ള ഭവനവായ്പകള്‍ക്ക് ഒന്നരലക്ഷം രൂപ കൂടി ഇളവ്. ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി.

എല്‍ ഇ ഡി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ മിഷന്‍ എല്‍ ഇ ഡി കൊണ്ടുവരും. എല്‍ ഇ ഡി ബള്‍ബ് ഉപയോഗത്തിലൂടെ പ്രതിവര്‍ഷം 18341 കോടി രൂപ നേട്ടം. കൌശല്‍ വികാസ് യോജന വഴി ഒരുകോടി യുവാക്കള്‍ക്ക് പരിശീലനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും.

ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാത്രം പ്രത്യേക ടി വി ചാനല്‍. തൊഴില്‍ മേഖലയിലെ നിര്‍വചനങ്ങള്‍ ഏകീകരിക്കും.

സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും കൊണ്ടുവരും. ഓരോ സ്വയം സഹായ സംഘത്തിലെയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കും.

എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കൊണ്ട് അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും.

2024നകം എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. ജലസ്രോതസുകളുടെ പരിപാലനത്തിനും വിതരണത്തിനും ജല്‍‌ജീവന്‍ പദ്ധതി. രാജ്യത്തിനൊന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് വരും. ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് എന്നിവയും നടപ്പാക്കും.

ജി എസ് ടി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ടുശതമാനം നികുതിയിളവ്. സാമൂഹ്യ സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും.

2022നകം എല്ലാ ഗ്രാമീണകുടുംബങ്ങള്‍ക്കും വൈദ്യുത കണക്ഷനും ഗ്യാസും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ. ഗവേഷണത്തിലൂന്നിയ വിദ്യാഭ്യാസ നയമായിരിക്കും കൊണ്ടുവരിക. ദേശീയ ഗവേഷണ ഫൌണ്ടേഷന്‍ സ്ഥാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :