അഭിറാം മനോഹർ|
Last Modified ബുധന്‍, 2 ഡിസംബര്‍ 2020 (16:15 IST)
പൊതുമേഖല എണ്ണകമ്പനിയായ ബിപിസിഎല്ലിനെ ഏറ്റെടുക്കാൻ മൂന്ന് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. അതേസമയം കമ്പനികൾ ഏതെല്ലാമാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.
ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് താല്‍പര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിൽ ഒന്ന് വേദാന്തയും മറ്റ് രണ്ട് കമ്പനികൾ യുഎസിൽ നിന്നുള്ളവരുമാണെന്നും വാർത്തകൾ വന്നിരുന്നു.
കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താല്‍പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സര്‍ക്കാര്‍ നാലുതവണ നീട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎല്ലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.