തിരുവനന്തപുരം|
സുബിന്‍ ജോഷി|
Last Modified വെള്ളി, 23 ജൂലൈ 2021 (09:56 IST)
സംസ്ഥാനത്ത് കോടികളുടെ നിക്ഷേപത്തിന് വമ്പന്‍ കമ്പനികള്‍ ഒരുങ്ങുന്നു. ഐടി, ഐടിഇഎസ് ഡാറ്റാ പ്രോസസിങ് ക്യാമ്പസിന് വേണ്ടി ആകെ 1350 കോടിരൂപയുടെ നിക്ഷേപത്തിനാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ് പദ്ധതിയിടുന്നത്. ഇതിന്‍റെ ആദ്യഘട്ടമായി 600 കോടി നിക്ഷേപിക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം ധാരണപത്രം ഒപ്പിടുന്ന പദ്ധതി കാക്കനാട് കിൻഫ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് മാനുഫാക്‌ചറിങ് ക്ലസ്‌റ്ററിലെ 36.83 ഏക്കർ സ്ഥലത്താണ് ആരംഭിക്കുന്നത്. 20000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് വിവരം.
അതേസമയം ലുലു ഗ്രൂപ്പും വി ഗാർഡും സംസ്ഥാനത്ത് വലിയ നിക്ഷേപത്തിന് തയ്യാറായിക്കഴിഞ്ഞു. ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇതില്‍ 750 പേർക്ക് തൊഴിൽ ലഭിക്കും.
വി ഗാർഡ് 120 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. 700 പേർക്ക് തൊഴിൽ ലഭിക്കുന്ന ഈ സംരംഭത്തിനായി സ്ഥലം അനുവദിച്ചുകഴിഞ്ഞു. ടാറ്റാ എലക്‍സിയയുമായി 68 കോടിയുടെ പദ്ധതിക്ക് സർക്കാർ ധാരണപത്രം ഒപ്പിട്ടു. കളമശ്ശേരി കിൻഫ്ര പാർക്കിൽ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങുന്നതിനായി ഫെയർ എക്‌സ്‌പോർട്ട് കമ്പനി 200 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.