ടൂറിസത്തിന് കുതിപ്പേകാന്‍ സ്പൈസസ് റൂട്ട്

സ്‌പൈസ് റൂട്ട്, യുനെസ്‌കൊ, കേരള ടൂറിസം
കൊച്ചി| VISHNU.NL| Last Modified ശനി, 2 ഓഗസ്റ്റ് 2014 (11:25 IST)
സ്‌പൈസ് റൂട്ട് സംരക്ഷണത്തിനായി കേരള ടൂറിസവും യുനെസ്‌കോയും ധാരണാപത്രം ഒപ്പുവച്ചു. കരാര്‍ പ്രാവര്‍ത്തികമാകുന്നതൊടെ കേരള ടൂറിസത്തിന് കുതിപ്പി പകരുന്ന രീതിയില്‍ സംസ്ഥാനത്തെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനം, സംരക്ഷണം, സാംസ്‌കാരിക തനിമ നിലനിറുത്തല്‍, പൈതൃക കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചുള്ള ടൂറിസം പദ്ധതികള്‍, കേരള ടൂറിസത്തിന്റെ പ്രചാരണം എന്നിവയാണ് യുനെസ്‌കോയുമായുള്ള സഹകരണത്തിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

പുരാതന കാലത്ത് കേരളം സുഗന്ധവ്യഞ്ജന വ്യാപാരവുമായി ബന്ധപ്പെട്ടിരുന്ന മറ്റു രാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കുന്ന പദ്ധതി ആവി‌ഷ്‌കരണത്തിനും സംസ്‌ഥാന സര്‍ക്കാരും യുനെസ്കോയും ഒന്നിച്ചു പ്രവര്‍ത്തിക്കും. നഗര പ്രദേശങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ ചരിത്രപരമായി സ്‌പൈസ് ടൂറിസവുമായി ബന്ധമുള്ളവയാണ്. കരാറിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങള്‍ ചരിത്ര സ്‌മാരകങ്ങളായി വികസിപ്പിക്കും

വിദ്യാഭ്യാസ കൈമാറ്റമാണ് ഈ പദ്ധതിയുടെ മറ്റൊരു നേട്ടം. ഏഷ്യയിലെ 31 രാജ്യങ്ങളും സ്‌പൈസ് റൂട്ടിന്റെ ഭാഗമായിരുന്ന ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുമായി പൈതൃക വികസന സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും.

അന്തര്‍ ദേശീയ തലത്തില്‍ സ്‌പൈസ് റൂട്ട് ടൂറുകളെ പ്രോത്സാഹിപ്പിക്കുന്നത് ടൂറിസ്റ്റുകള്‍ കേരളത്തില്‍ എത്തുന്നതിന് സഹായകരമാകും. വിവിധ രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും ധാരണയുണ്ട്.

ഇതിനായുള്ള ധാരണാപത്രം കൊച്ചി ബൊള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ലയും യുനെസ്‌കോ ഡയറക്‌ടര്‍ ഷിഗേരു അയോഗിയും ചേര്‍ന്ന് ഒപ്പുവച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍ സന്നിഹിതനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :