ഋണ മുക്തി പദ്ധതി : ജാമ്യമില്ലാതെ 50,000 രൂപ വരെ വായ്പ

തിരുവനന്തപുരം| Last Updated: ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:42 IST)
സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് അമിത പലിശയ്ക്ക് കടം വാങ്ങി കടക്കെണിയിലായ കുടുംബങ്ങളെ സഹായിക്കുവാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ വാര്‍ഷിക അവലോകന യോഗത്തില്‍ ഋണ മുക്തി എന്നു പേരുള്ള ഒരു പ്രത്യേക വായ്പാ പദ്ധതി അംഗീകരിച്ചു.

ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ സംസ്ഥാനത്തെ എല്ലാ ശാഖകളും അവരവരുടെ സേവന പരിധികളില്‍ ഈ പദ്ധതി പ്രകാരം വായ്പകള്‍ നല്‍കും. ബാങ്കിതര സ്ഥാപനത്തിന് തിരിച്ചടക്കേണ്ട യഥാര്‍ത്ഥ വായ്പാ തുകയോ അപേക്ഷകന്റെ ആകെ വാര്‍ഷിക വരുമാനത്തിന്റെ 150 ശതമാനമോ അതില്‍ ഏതാണോ കുറവ് ആ തുക, പരമാവധി 50,000 രൂപയായി വായ്പാതുക നല്‍കും. ബാങ്കുകള്‍ ഈടാക്കുന്ന അടിസ്ഥാന പരിശ നിരക്കിലാണ് ഈ നല്‍കുന്നത്.

ഈ വായ്പ യാതൊരുവിധ ജാമ്യമില്ലാതെയാണ് അനുവദിക്കുന്നത്. വായ്പ അനുവദിക്കുന്ന സമയത്ത് യാതൊരുവിധ പ്രോസസിംഗ് ഫീസും ഈടാക്കുന്നതല്ല. വായ്പാ തിരിച്ചടവിന്റെ കാലാവധി അഞ്ച് വര്‍ഷമായിരിക്കും. 18 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ റവന്യൂ അധികൃതരില്‍ നിന്ന് ലഭിച്ച വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റും സ്വകാര്യ പണമിടപാടുകാരില്‍ നിന്നെടുത്ത വായ്പയെ സംബന്ധിച്ച അപേക്ഷകരുടെ സത്യപ്രസ്താവനയും (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയത്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷകന്‍ എടുത്ത വായ്പ ബാങ്കിതരസ്ഥാപനത്തില്‍ നിന്നായിരിക്കണം. അപേക്ഷകന്‍ വായ്പയ്ക്കായി അപേക്ഷിക്കുന്ന ബാങ്കിന്റെ സേവന മേഖലയിലെ സ്ഥിര താമസക്കാരനായിരിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :