ഹൊ...! എന്തൊരു വിലക്കയറ്റം

തിരുവനന്തപുരം| VISHNU.NL| Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (13:17 IST)
വിലക്കയറ്റം മാനം മുട്ടെ ഉയരുന്നു. കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റത്തില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ വീട്ടമ്മമാര്‍. പൊതുവിപണിയിലും സപ്‌ളൈകോയിലും വിലക്കയറ്റത്തിന്റെ ഗ്രാഫ് മുകളിലേക്ക് ഉയരുന്നതു കണ്ട് പൊതുജനം അമ്പരന്ന് നില്‍ക്കുന്നു.

കേന്ദ്രം റെയില്‍വേ ചരക്കു കൂലി കുത്തനെ വര്‍ധിപ്പിച്ചതാണു വിലവര്‍ധനയ്‌ക്കുള്ള മുഖ്യകാരണമെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കൈകഴുകുന്നതിനിടെ വിലക്കയറ്റത്തിനെതിരേ നാടെങ്ങും സമരപ്പന്തലുകള്‍ ഉയരുകയാണ്‌.

അരിവില പൊതുവിപണിയില്‍ 40 ലേക്ക്‌ അടുത്തു. സപ്‌ളൈകോയില്‍ സബ്‌സിഡിരഹിത അരിക്ക്‌ 29 ല്‍നിന്ന്‌ 32 രൂപയായി. ഉണക്കമത്‌സ്യത്തിനും വിലകൂടി. തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില അനുദിനം വര്‍ധിക്കുകയാണ്‌. ചില്ലറ വില്‌പന 174 രൂപയായി. ഇത്‌ 200 ലേക്ക്‌ എത്തുമെന്നാണ്‌ വിപണി നല്‍കുന്ന സൂചന.

അതേ സമയം ഓണവിപണി മുതലെടുക്കാനായി ഇടനിലക്കാര്‍ പൂഴ്ത്തിവയ്പ്പ് നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതയതോടെ വിലയുയര്‍ന്നുനിന്നാല്‍ ഓണാഘോഷങ്ങള്‍ക്കു മങ്ങലേല്‍ക്കും. അന്യസംസ്‌ഥാനങ്ങളെ ആശ്രയിച്ചാണ്‌ പച്ചക്കറി-പലവ്യഞ്‌ജനങ്ങളൊക്കെ സംസ്‌ഥാനത്ത്‌ എത്തുന്നത്‌.

എന്നാല്‍ ഓണവിപണി മുന്നില്‍ക്കണ്ട്‌ കൃത്രിമവിലക്കയറ്റം സൃഷ്‌ടിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. കാരണം തമിഴ് നാട്ടീല്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന പച്ചക്കറികള്‍ക്ക് കേരളത്തില്‍ ഇരട്ടിയിയിലധികമാണ് വിതരണക്കാര്‍ ഈടാക്കുന്നത്. എന്നാല്‍ ഇവയ്ക്ക് മൂക്ക് കയറിടാന്‍ ഹോര്‍ട്ടിക്കോപ്പിനും കഴിയുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :