ചിപ്പി പീലിപ്പോസ്|
Last Modified ശനി, 29 ഫെബ്രുവരി 2020 (11:46 IST)
പാൽ വില കൂട്ടാനൊരുങ്ങി മിൽമ. ഒരു ലിറ്ററിന് ആറ് രൂപ വരെ വര്‍ധിപ്പിക്കാൻ സാധ്യത. ഇക്കാര്യം അറിയിച്ച് മേഖലാ യൂണിയനുകള്‍ മില്‍മക്ക് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. വില വര്‍ധന ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
അതേസമയം
മിൽമ വില വര്‍ധപ്പിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മില്‍മ കൂട്ടിയിരുന്നു. ഇതിനാൽ വീണ്ടും വില വർധിപ്പിക്കുന്നത് ന്യായമല്ലെന്നാണ് സർക്കാർന്റെ ഭാഷ്യം. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനക്ക് ലക്ഷ്യമിടുന്നത്.
വില കൂട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് മില്‍മയുടെ നിലപാട്. വില കൂട്ടുന്ന കാര്യം മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. വിലകൂട്ടുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ട് തവണ വില കൂട്ടി. ഇനി ഒരു തവണ കൂടി കൂട്ടിയാല്‍ തിരിച്ചടിയായേക്കുമെന്ന ഭയം സര്‍ക്കാരിനുണ്ട്.