ജെറ്റ് എയർവെയ്സിന്റെ ചിറകൊടിയുന്നു;കടുത്ത സാമ്പത്തിക പ്രതിസന്ധി, 23 വിമാനങ്ങൾ സർവ്വീസ് നിർത്തി

ഏകദേശം 20 ശതമാനത്തോളം വിമാനങ്ങളും സർവീസ് അവസാനിപ്പിച്ചതായി ജെറ്റ് എയർവെയ്സ് അറിയിച്ചു.

Last Updated: തിങ്കള്‍, 4 മാര്‍ച്ച് 2019 (12:32 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി ഉഴലുന്ന ജെറ്റ് എയർവെയ്സ് രണ്ടു വിമാനങ്ങൾ കൂടി നിലത്തിറക്കി. ഇതോടെ സർവീസ് നിർത്തിയ ജെറ്റ് എയർവെയ്സ് വിമാനങ്ങളുടെ എണ്ണം 23 ആയി. വിമാനങ്ങൾ ലീസിനു നൽകിയ കമ്പനികളുടെ തുക തിരികെ നൽകാനില്ലാത്തതിനെ തുടർന്നാണ് നടപടി. ഏകദേശം 20 ശതമാനത്തോളം വിമാനങ്ങളും സർവീസ് അവസാനിപ്പിച്ചതായി ജെറ്റ് എയർവെയ്സ് അറിയിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിലാണ് ഇക്കാര്യമുളളത്.

ഫെബ്രുവരി 7 നായിരുന്നു സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ജെറ്റ് എയർവെസ് വാടക നൽകാൻ പണമില്ലാത്തതിനെ തുടർന്ന് നാലു വിമാന സർവ്വീസുകൾ നിർത്തിയത്. എന്നാൽ പിന്നീട് ഇതു തുടർക്കഥയാവുകയായിരുന്നു. ഫെബ്രുവരി 23 നു രണ്ടു വിമാനങ്ങൾ കൂടി നിരത്തിലിറക്കിയ കമ്പനി 27,28 തിയ്യതികളിലായി 13 വിമാന സർവ്വീസുകളാണ് നിർത്തിയത്.

കഴിഞ്ഞ ദിവസം 7 വിമാനങ്ങൾ ഒന്നിച്ചു പറക്കൽ നിർത്തിയിരുന്നു. വിമാനങ്ങൾ ലീസിനു നൽകിയ കമ്പനികൾക്ക് ലീസ് തുക നൽകാൻ സാധിക്കാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. വിമാനങ്ങൾ സർവ്വിസ് നിർത്തിയത് യാത്രക്കാരെ ബാധിക്കാത്ത രീതിയിൽ നിലവിലെ സർവ്വീസുകൾ പുനക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വാർത്താകുറിപ്പു വഴിയായിരുന്നു കമ്പനിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :