ഒടുവില്‍ ചൈനയും പറയുന്നു, ഇന്ത്യ ലോകത്തിന്റെ ഫാക്ടറിയാകും...!

ബെയ്ജിങ്| VISHNU N L| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (13:49 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മേയ്ക്ക് ഇന്‍ കാമ്പയിന്‍ കൊഴുക്കുന്നതിനിടെ ചൈനയുടെ സാമ്പത്തിക മേഖലയില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യവും ഒത്തു ചേരുന്നത് ഇന്ത്യയെ ലോകത്തിന്റെ ഫാക്ടരിയാക്കി മാറ്റുമെന്ന് ചൈനീസ് പത്രത്തിന്റെ വിലയിരുത്തല്‍. പ്രമുഖ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമി, കരാറടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന തയ് വാന്റെ ഫോക്‌സ്‌കോണ്‍ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വാര്‍ത്ത പുറത്തുവന്നത്.

ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഷിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തികമാന്ദ്യംമൂലം പ്രമുഖ കമ്പനികള്‍ ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയെ ലക്ഷ്യംവെയ്ക്കുകയാണെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ നിര്‍മിച്ച റെഡ്മി 2 പ്രൈം മൊബൈല്‍ ഫോണ്‍ ഒരാഴ്ചമുമ്പാണ് ഷവോമി കോര്‍പ് പുറത്തിറക്കിയത്.

ഇന്ത്യയില്‍ അഞ്ചുവര്‍ഷംകൊണ്ട് 500 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഫോക്‌സ്‌കോണ്‍ ഒരുങ്ങുന്നത്. നിര്‍മാണ യൂണിറ്റിന് പുറമേ, ഗവേഷണ-വികസന വിഭാഗവും ഇന്ത്യയില്‍ സജ്ജമാക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്. ഗുജറാത്ത്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ 12 നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ഫോക്സ്കോണ്‍ ആലോചിക്കുന്നത്. ഇതിനായി ഈ സംസ്ഥാ‍നങ്ങളുമായി ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയില്‍ ചൈനയ്ക്ക് സാമ്പത്തികമായി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയ കണ്ടെത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :