കഴിഞ്ഞ ആഴ്ചത്തെ മികച്ച പ്രകടനത്തിന് ശേഷം മുംബൈ ഓഹരി വിപണി സൂചികയില്‍ ഇന്ന് വന്‍ ഇടിവ് നേരിട്ടു. 480 പോയന്‍റിന്‍റെ കുറവില്‍ സെന്‍സെക്സ് 9,568 എന്ന നിലയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 130 പോയന്‍റിന്‍റെ ഇടിവില്‍ 2978 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്.
ബിസ്ഇയില്‍ രാവിലെ 146 പോയന്‍റിന്‍റെ വ്യത്യാസത്തില്‍ സൂചിക 9,902 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് കുത്തനെയിടിഞ്ഞ സൂചിക ഒരു ഘട്ടത്തില്‍ 9,521 പോയന്‍റ് വരെ എത്തിയതിന് ശേഷമാണ് അവസാന നില കൈവരിച്ചത്. ബാങ്കിംഗ്, മെറ്റല്‍, റിയാലിറ്റി സൂചികകളാണ് ഇന്ന് കൂടുതല്‍ തകര്‍ച്ച നേരിട്ടത്. മൊത്തം വ്യാപാരം നടന്ന 2,473 ഓഹരികളില്‍ 1,471 എണ്ണം നഷ്ടത്തിലായപ്പോള്‍ 904 എണ്ണം നേട്ടം കണ്ടു. ബാക്കിയുള്ളവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ജയപ്രകാശ് അസോസിയേറ്റ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍(-12% വീതം), റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്(-11.5%), ഡിഎല്‍എഫ്, എസ്ബിഐ, എസ്ബിഐ, ടിസിഎസ്, ഹിന്‍ഡാല്‍കൊ, ടാറ്റമോട്ടോഴ്സ്, എച്ച് ഡി എഫ് സി, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്(-9% വീതം), സ്റ്റെര്‍ലൈറ്റ്(-6%), എച്ച് ഡി എഫ് സി ബാങ്ക്, ഭെല്‍, വിപ്രൊ(-5% വീതം), ഗ്രാസിം, എല്‍ ആന്‍ഡ് ടി(-4.5% വീതം) എന്നിവയ്ക്കാണ് വിപണിയില്‍ പ്രധാനമായും നഷ്ടം നേരിട്ടത്. ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റാന്‍ബാക്സി, ഇന്‍ഫോസിസ് എന്നിവയ്ക്കും വിപണിയില്‍ തകര്‍ച്ച നേരിട്ടു.
മറ്റ് ഏഷ്യന്‍ വിപണികളില്‍ ഹാംഗ്സെങ്, നിക്കി, തായ്‌വാന്‍, സ്ട്രെയിറ്റ് ടൈംസ്, സിയോള്‍ എന്നിവ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.