ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 14 ജൂലൈ 2009 (16:57 IST)
കഴിഞ്ഞയാഴ്ചയിലും ഈ ആഴ്ചയിലെ ആദ്യ സെഷനിലും അനുഭവപ്പെട്ട ശക്തമായ ആലസ്യത്തില്‍ നിന്ന് മുംബൈ ഓഹരി വിപണി കരകയറി. സെന്‍സെക്സ് 453 പോയന്‍റ് ഉയര്‍ന്ന് 13,854 എന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചത്.

രാവിലെ സെന്‍സെക്സ് 149 പോയന്‍റ് ഉയര്‍ന്ന് 13,549 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വിപണിയിലെ ഉണര്‍വ് ദിവസത്തിലുടനീളം നിലനിന്നു. ഒരു ഘട്ടത്തില്‍ 13,903 പോയന്‍റ് വരെ ഉയര്‍ന്നതിന് ശേഷമാണ് സൂചിക അവസാന നില കൈവരിച്ചത്. ഇന്ന് മൊത്തം വ്യാപാരം നടന്ന 2,639 ഓഹരികളില്‍ 1,956 എണ്ണം നേട്ടം കണ്ടപ്പോള്‍ 602 എണ്ണം നഷ്ടത്തിലായി.

ഡിഎല്‍എഫ് (11.5%), റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (9%), ജയപ്രകാശ് അസോസിയേറ്റ്സ്, ഐസിഐസിഐ ബാങ്ക് (7.5% വീതം), എച്ച് ഡി എഫ് സി (7%), ടാറ്റ സ്റ്റീല്‍ (5.5%), റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഗ്രാസിം (5% വീതം) എന്നിവയ്ക്കാണ് ഇന്നത്തെ വ്യാപാരത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായത്. ടാറ്റ മോട്ടോഴ്സ്, എസിസി, ഭെല്‍, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ഹിന്‍ഡാല്‍കൊ, റിലയന്‍സ്, സ്റ്റെര്‍ലൈറ്റ്, എല്‍ ആന്‍റ് ടി എന്നിവയുടെ ഓഹരി മൂല്യത്തിലും ഇന്ന് ഉയര്‍ച്ച അനുഭവപ്പെട്ടു.

അതേ സമയം എച്ച് ഡി എഫ് സി ബാങ്കിന് ഇന്നത്തെ വ്യാപാരത്തില്‍ ഒരു ശതമാനത്തോലം നഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :