അഭിറാം മനോഹർ|
Last Modified വെള്ളി, 17 ഡിസംബര്‍ 2021 (16:42 IST)
വ്യാഴാഴ്‌ചയിലെ ആശ്വാസനേട്ടം നിലനിർത്താനാകാതെ ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 889.40 പോയന്റ് നഷ്ടത്തില്‍ 57,011.74ലിലും നിഫ്റ്റി 263.20 പോയന്റ് താഴ്ന്ന് 16,985.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നത് തുടര്‍ന്നതാണ് സൂചികകളെ ബാധിച്ചത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയില്‍ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ട് പോകുന്നതിനാൽ നിക്ഷേപകർ കരുതലെടുക്കുന്നതാണ് വിപണിയെ ബാധിച്ചത്.
യുഎസ് ഫെഡറല്‍ റിസര്‍വിനുശേഷം യൂറോപ്യന്‍ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാല്‍ശതമാനം ഉയര്‍ത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയര്‍ത്താന്‍ തയ്യാറാകുന്നത്. ഇതും വിപണിയെ പിന്നോട്ട് വലിച്ചു.
വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ റിയാല്‍റ്റി സൂചിക നാലും എനര്‍ജി, ബാങ്ക്, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 2.5ശതമാനത്തിലേറെയും തകര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.4ശതമാനവും സ്മോൾ ക്യാപ് സൂചിക 2.1 ശതമാനവും താഴ്‌ന്നു.