അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ജനുവരി 2022 (13:38 IST)
കഴിഞ്ഞ വര്‍ഷം ഉയരങ്ങള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കാന്‍ തുടങ്ങിയതോടെ വിപണിയിൽ ഐപിഒ ബൂം തന്നെയാണ് ഉണ്ടായത്. ഒരു സമയത്ത് സ്റ്റാര്‍ട്ട്അപ്പുകളായി തുടങ്ങി പുതുതലമുറ ടെക് കമ്പനികളായി വന്ന കമ്പനികളെ വലിയ ആവേശത്തൊടെയാണ് നിക്ഷേപകർ സമീപിച്ചത്.
ഐപിഒകളിലെ സ്വീകാര്യത കണക്കിലെടുത്ത് പല ടെക് കമ്പനികളുടെ ലിസ്റ്റിങ്, ഇഷ്യൂ ചെയ്ത വിലയേക്കാളും വളരെ ഉയരത്തിലായിരുന്നു. ഇതാണ് ഇപ്പോൾ കൂട്ടമായുള്ള വിറ്റൊഴിയലിൽ വിപണിയെ നിക്ഷേപകർക്ക് പണി നൽകിയത്. കൊവിഡിനെ തുടർന്ന് കേന്ദ്ര ബാങ്കുകൾ സ്വീകരിച്ച ഉദാരനയമായിരുന്നു വിപണിയിലേക്ക് പണമെത്താൻ സഹായിച്ചിരുന്നത്. അനിശ്ചിതാവസ്ഥയ്ക്കിടെയിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ഭാവിയിലെ വളര്‍ച്ചാ സാധ്യതകളും പരിഗണിച്ചാണ് നൂഗെൻ ടെക് കമ്പനികളിലേക്ക് നിക്ഷേപം കൂട്ടമായെത്തിയത്.
എന്നാൽ പണപ്പെരുപ്പം സമ്പദ്ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തുടങ്ങിയതോടെ ഉദാര സമീപനം പിൻവലിച്ച് പലിശനിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് പല കേന്ദ്രബാങ്കുകളും. ഇത് നഷ്ടത്തിലോടുന്ന പല കമ്പനികളുടെ പലിശഭാരം വർധിപ്പിക്കുമെന്ന് ഉറപ്പാണ്. ഇതാണ് വിദൂരഭാവി കണക്കാക്കിയുള്ള നിക്ഷേപത്തിൽ നിന്നും വിപണിയെ മാറ്റി ചിന്തിപ്പിച്ചത്.
മിക്ക ടെക് കമ്പനികളും അവരുടെ വരുമാനത്തിന്റെ 40 മുതല്‍ 70 മടങ്ങിലധികമായാണ് വില നിശ്ചയിച്ചിരുന്നത്.കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം ആഭ്യന്തര വിപണിയിലെ ടെക് കമ്പനികളില്‍ വമ്പന്‍ തകര്‍ച്ചയാണ് ദൃശ്യമാകുന്നത്. സൊമാറ്റോയിൽ ഇന്ന് മാത്രം 18 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 30 ശതമാനത്തിന്റെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്.
സമാനമായി പേടിഎം ഓഹരികളും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 52 ശതമാനം താഴെയാണുള്ളത്. പോളിസി ബാസാറിന്റെ പിബി ഇന്‍ഫോടെക് 41 ശതമാനവും കാര്‍ട്രേഡ് ടെക് 50 ശതമാനവും
നൈക്ക 23 ശതമാനവും52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് താഴെയാണ്. അമേരിക്കന്‍ വിപണിയിലും സമാനമാണ് പ്രവണത. പലിശനിരക്ക് ഉയർത്തുന്നതോടെ ഇത് ന്യൂ ജെൻ ടെക് കമ്പനികളെ കൂടുതൽ തിരുത്തലിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.