വിക്രം പണ്ഡിറ്റ് സിറ്റിഗ്രൂപ്പ് ചെയര്‍മാന്‍

Vikram Pandit
PROPRO
ആഗോള ധനകാര്യ ബാങ്കിംഗ് വായ്പാ വിപണിയില്‍ മുന്‍നിര സ്ഥാനമുള്ള സിറ്റി ഗ്രൂപ്പ് ഇന്‍‌കോര്‍പ്പറേറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജന്‍ വിക്രം പണ്ഡിറ്റ് നിയമിതനായി. നിലവിലെ ആക്‍ടിംഗ് ചെയര്‍മാനായ സര്‍ വിന്‍ ബിസ്കോഫിനെ കമ്പനി ചെയര്‍മാനായും നിയമിച്ചു.

ബാങ്കിനു പുറത്തുള്ള പ്രശതനായ ഒരാളാവും കമ്പനി സി.ഇ.ഒ ആയി നിയമിതനാവുക എന്നായിരുന്നു കമ്പനിയിലെ നിക്ഷേപകരുടെ ഇതുവരെയുള്ള പ്രതീക്ഷ. ഈ പ്രതീക്ഷ അസ്ഥാനത്താക്കി കൊണ്ടാണ് വിക്രം പണ്ഡിറ്റ് ഈ നിലയിലേക്കുയര്‍ന്നത്.

വിക്രം പണ്ഡിറ്റ് കമ്പനിയുടെ ഇന്‍‌വെസ്റ്റ്‌മെന്‍റ് ബാങ്കിംഗ് മേധാവിയായിരുന്നു ഇതുവരെ. ഏതാണ്ട് അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സിറ്റി ഗ്രൂപ്പിലെത്തിയത് തന്നെ. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിംഗ് കമ്പനികളിലൊന്നാണ് സിറ്റി ഗ്രൂപ്പ്.

സിറ്റി ഗ്രൂപ്പിന് കിട്ടാക്കടങ്ങള്‍ പെരുകിയതു മൂലം ഉണ്ടായ വന്‍ നഷ്ടം കാരണം നവംബര്‍ ആദ്യം ചെയര്‍മാനും സി.ഇ.ഒ യുമായ ചാള്‍സ് പ്രിന്‍സ് രാജിവച്ചിരുന്നു.

100 ലേറെ രാജ്യങ്ങളില്‍ ഓഫീസും 3 ലക്ഷത്തിലേറെ ജീവനക്കാരും 2 ട്രില്യന്‍ ഡോളര്‍ ആസ്തിയുമുള്ള സിറ്റി ഗ്രൂപ്പ് തലവനാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് 50 കാരനായ വിക്രം പണ്ഡിറ്റ്.

ആഗോള സാമ്പത്തിക രംഗത്ത് പേരുകേട്ട മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചെയര്‍മാനാനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി 2000 മുതല്‍ 2005 വരെ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് വിക്രം പണ്ഡിറ്റ്. പിന്നീട് അദ്ദേഹം ഓള്‍ഡ് ലെയ്‌ന്‍ ക്യാപിറ്റല്‍ എന്നൊരു സ്ഥാപനം സ്വന്തമായി രൂപീകരിച്ചു. ഈ സ്ഥാപനം പിന്നീട് ഏപ്രിലില്‍ സിറ്റി ഗ്രൂപ്പ് 600 മില്യന്‍ ഡോളറിന് ഏറ്റെടുക്കുകയാണുണ്ടായത്.

ഫാര്‍മസി പ്രതിനിധിയുടെ പുത്രനായ വിക്രം ശങ്കര്‍ പണ്ഡിറ്റ് നാഗ്‌പൂരിലാണ് ജനിച്ചത്. 16 വയസ്സുള്ളപ്പോള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായി കൊളംബിയാ സര്‍വ്വകലാശാലയിലേക്ക് വന്നതാണ്. അവിടെ നിന്ന് ബിരുദം നേടിയ വിക്രം ഇലക്‍ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി.

കൊളംബിയ സര്‍വ്വകലാശാലയിലെ ബോര്‍ഡ് മെംബറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2000 മുതല്‍ 2003 വരെ നസ്ദാക്കിന്‍റെ അംഗമായിരുന്നു.
ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2007 (15:42 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :