വാഹന കയറ്റുമതി വര്‍ദ്ധിച്ചു

കയറ്റുമതിയില്‍ 5.3% വര്‍ദ്ധന, ആഭ്യന്തര വില്‍പ്പന 21.03% കുറഞ്ഞു

PROPRO
രാജ്യത്തെ വാഹന വില്‍പ്പന താരതമ്യേന കുറഞ്ഞെങ്കിലും കയറ്റുമതി വര്‍ദ്ധിച്ചു. 2007-08 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള പതിനൊന്ന് മാസ കാലയളവിലെ ആഭ്യന്തര വാഹന വില്‍പ്പനയില്‍ 5.3 ശതമാനം കുറവാണുണ്ടായത്.

അതേ സമയം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബ്രാന്‍ഡില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് വിദേശത്ത് വന്‍ ആവശ്യക്കാരാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവിലെ വാഹന കയറ്റുമതിയില്‍ 21.03 ശതമാനം വര്‍ദ്ധനയുണ്ടായി.

2007-08 ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ 11.20 ലക്ഷം വാഹനങ്ങളാണ് രാജ്യത്തു നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. എന്നാല്‍ 2005-06 ഏപ്രില്‍-ഫെബ്രുവരിയില്‍ ഇത് 9.25 ലക്ഷം വാഹനങ്ങളായിരുന്നു.

ആഭ്യന്തര വിപണിയില്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 13 ശതമാനമാണ് ഇക്കാലയളവില്‍ ഇടിഞ്ഞത്. അതേ സമയം ഇക്കാലായളവില്‍ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ കയറ്റുമതിയില്‍ 41.5 ശതമാനം വര്‍ദ്ധനയുണ്ടായി.

2006-07 ലെ ആദ്യത്തെ പതിനൊന്നു മാസത്തെ മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി 4.97 ലക്ഷം യൂണിറ്റുകളായിരുന്നെങ്കില്‍ 2007-08 ലെ ഇതെ കാലയളവിലെ ബൈക്ക് കയറ്റുമതി 7.04 ലക്ഷം യൂണിറ്റുകളായിരുന്നു.

ആഭ്യന്തര മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ വില്‍പ്പനയില്‍ യഥാക്രമം രണ്ടും മൂന്നു സ്ഥാനക്കാരായ ബജാജ് ഓട്ടോയും ടി‌വി‌എസ് മോട്ടോര്‍സും കയറ്റുമതിയില്‍ മികച്ച വര്‍ദ്ധന കൈവരിച്ചപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ഹീറോഹോണ്ടയ്ക്ക് കയറ്റുമതി ഇനത്തില്‍ കുറവാണുണ്ടായത്.

2007-08 ലെ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള പതിനൊന്ന് മാസ കാലയളവില്‍ കാര്‍ വില്‍പ്പനയിലാവട്ടെ മാരുതിയും ഹ്യുണ്ടായും കയറ്റുമതിയില്‍ മികച്ച വര്‍ദ്ധന കൈവരിച്ചു. ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 11.7 ശതമാനം വര്‍ദ്ധനയാണുള്ളതെങ്കില്‍ കയറ്റുമതിയില്‍ 6.7 ശതമാനമാണ് ഇക്കാലയളവിലെ വര്‍ദ്ധന.

ആഭ്യന്തര കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോര്‍സ് കാര്‍ കയറ്റുമതി 1.06 ലക്ഷത്തില്‍ നിന്ന് 1.26 ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ 19 ശതമാനം വര്‍ദ്ധന കൈവരിച്ചു. അതേ സമയം ആഭ്യന്തര വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കിയുടെ കാര്‍ കയറ്റുമതി 30,764 എണ്ണത്തില്‍ നിന്ന് 46,212 ആയി വര്‍ദ്ധിച്ചു.

അതേ സമയം ഈയിനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ടാറ്റാ മോട്ടേഴ്സിന്‍റെ കാര്‍ കയറ്റുമതി 14,585 നിന്ന് 11,215 ആയി കുറയുകയാണുണ്ടായത് (23 ശതമാനം കുറവ്).

ഇക്കാലയളവില്‍ ലൈറ്റ് വാണിജ്യ വാഹനങ്ങളിലെ കയറ്റുമതിയില്‍ 18.5 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ആഭ്യന്തര വില്‍പ്പനയില്‍ കേവലം 2.8 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കാന്‍ കഴിഞ്ഞത്.

ഇതുപോലെ തന്നെ വാണിജ്യ വാഹനങ്ങളുടെ കയറ്റുമതിയിലും ഗണ്യമായ വര്‍ദ്ധനയാണുണ്ടായത്. 2007-08 ലെ ആദ്യ പതിനൊന്ന് മാസ കാലയളവില്‍ രാജ്യത്തെ വാണിജ്യ വാഹനങ്ങളിലെ ഇടത്തരം, ഹെവി എന്നീ ഇനങ്ങളിലെ വാഹന കയറ്റുമതി 16.1 ശതമാനം വര്‍ധനയാണ് കൈവരിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ ഈയിനത്തിലെ ആഭ്യന്തര വില്‍പ്പന 3.8 ശതമാനമായി കുറയുകയാണുണ്ടായത്.

എന്നാല്‍ മുച്ചക്രവാഹന കയറ്റുമതിയില്‍ ഇക്കാലയളവില്‍ മെച്ചമൊന്നുമുണ്ടായില്ല - 2.5 ശതമാനം കുറവാണുണ്ടായത്. 2006-07 ലെ ഏപ്രില്‍-ഫെബ്രുവരിയില്‍ 1.34 ലക്ഷം മുച്ചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ 2007-08 ലെ ഇക്കാലയളവില്‍ 1.30 ലക്ഷം മുച്ചക്ര വാഹങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞത്.
WEBDUNIA| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2008 (11:19 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :