വായ്പയടക്കാഞ്ഞാല്‍ മൊബൈല്‍ ഫോണില്ല!

ചെന്നൈ| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (14:23 IST)
നിങ്ങള്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടച്ചിട്ടില്ലേ? നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ അടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കൊരു പക്ഷേ ഒരു ഇന്‍ഷൂറന്‍സ് എടുക്കാനോ ഒരു പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന്‍ എടുക്കാനോ കഴിഞ്ഞേക്കില്ല. കാരണം നിങ്ങളുടെ വായ്പ, ക്രെഡിറ്റ് കാര്‍ഡ് തൊട്ടുള്ള കടവിവരങ്ങളൊക്കെ ഇനിതൊട്ട് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും മൊബൈല്‍ സേവന ദാതാക്കള്‍ക്കും ലഭ്യമാവും.

ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡോ വായ്പയോ മറ്റോ എടുക്കുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡാറ്റാബാങ്കുകള്‍ ഇന്ത്യയിലുണ്ട്. ഇത്തരം കമ്പനികളില്‍ നിന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും മൊബൈല്‍ സേവന ദാതാക്കള്‍ക്കും വിവരങ്ങള്‍ ലഭിക്കുക. കമ്പനികള്‍ക്ക് മാത്രമല്ല ഇത്തരം കടവിവരം സൂക്ഷിക്കുന്ന കമ്പനികള്‍ വിവരം കൈമാറുക. വായ്പയോ ക്രെഡിറ്റ് കാര്‍ഡോ എടുക്കുന്ന ആര്‍ക്ക് വേണമെങ്കിലും ഈ കമ്പനികളില്‍ നിന്ന് സ്വന്തം കടവിവരം ആവശ്യപ്പെടാവുന്നതാണ്. എത്ര പൈസ വരെ കടം എടുക്കാമെന്നും വായ്പ ലഭിക്കാനുള്ള സാധ്യത എത്രത്തോളമാണെന്നും മറ്റും അറിയാന്‍ ഇത് സഹായിക്കും.

ധനകാര്യ സ്ഥാപങ്ങളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡും വായ്പയുമെടുത്ത് കുടിശ്ശിക വരുത്തുന്നവരെ തിരിച്ചറിയുന്നതിനും ഭാവിയില്‍ അവര്‍ക്ക് വായ്പ നിഷേധിക്കുന്നതിനുമായാണ് കടവിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ രൂപമെടുത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സിബില്‍ (ക്രെഡിറ്റ് ഇന്‍‌ഫര്‍‌മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) ആണ് ആദ്യം നിലവില്‍ വന്ന കടവിവര കമ്പനി. ഇക്വിഫാക്സ് ക്രെഡിറ്റ് ഇന്‍‌ഫര്‍മേഷന്‍, എക്സ്പീരിയന്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍, ഹൈമാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ എന്നിവയാണ് മറ്റുള്ള കമ്പനികള്‍.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് കടവിവരം ആവശ്യമുള്ളവര്‍ക്ക് നല്‍‌കാനുള്ള അനുമതി ഡാറ്റാബാങ്കുകള്‍ക്ക് നല്‍‌കിയിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍‌കുന്ന രീതിയിലുള്ള പ്ലാറ്റ്‌ഫോം സൃഷ്ടിച്ചെടുക്കുമെന്ന് സിബില്ലിന്‍റെ മാനേജിംഗ് ഡയറക്‌ടര്‍, അരുണ്‍ തുക്രാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം തൊട്ട് വിവരങ്ങള്‍ വിതരണം ചെയ്യല്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :