ജൈവ ഡീസല്‍ നിര്‍മ്മിക്കാന്‍ ഐ.ഒ.സി

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified ചൊവ്വ, 26 ജൂണ്‍ 2007 (12:41 IST)

ഇന്ത്യയിലെ പെട്രോളിയം ശുദ്ധീകരണ വിപണന മേഖലയിലെ മുന്‍ നിരക്കാരായ പൊതുമേഖലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാണിജ്യാടിസ്ഥാനത്തില്‍ ജൈവ ഡീസല്‍ ഉല്‍പ്പാദനത്തിനു തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ജൈവ ഡീസല്‍ ഉല്‍പ്പാദനം സംബന്ധിച്ചുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അടുത്തിടെ നിയമിച്ച ഉദ്യോഗസ്ഥന്‍ ബി.എം.ബന്‍സാല്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ജൈവ് ഡീസല്‍ ഉല്പാദനം ലക്‍ഷ്യമാക്കി ജൈവ ഡീസലിന്‍റെ പ്രധാന അസംസ്‌കൃത വസ്തുവായ ജത്രോപാ (ഒരിനം ആവണക്ക് ചെടി) കൃഷി നടത്താനായി മധ്യ പ്രദേശില്‍ ഏകദേശം 30,000 ഹെക്‍ടര്‍ കൃഷി ഭൂമി സ്വന്തമാക്കിയതാണ് ഈ തയാറെടുപ്പിന്‍റെ ആദ്യത്തെ നടപടി. ജത്രോപയുടെ വിത്തില്‍ നിന്ന് ലഭിക്കുന്ന എണ്ണയാണ് ജൈവ ഡീസലിന്‍റെ പ്രധാന അസംസ്‌കൃത വസ്തു.

ഇത്കൂടാതെ അയല്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഈ ചെടിയുടെ കൃഷി വ്യാപിപ്പിക്കാന്‍ വേണ്ട സ്ഥലം ലഭിക്കാനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ക്രൂഡോയിലില്‍ നിന്ന് ശുദ്ധീകരിച്ച ഡീസലും ജത്രോപയില്‍ നിന്ന് ലഭിക്കുന്ന എണ്ണയും തമ്മില്‍ ഒരു നിശ്ചിത അനുപാതത്തില്‍ കലര്‍ത്തിയാണ് ജൈവ ഡീസല്‍ ഉണ്ടാക്കുന്നത്.

ഈ ജൈവ ഡീസല്‍ ഉപയോഗിച്ചുകൊണ്ട് ഹര്യാന സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസുകളില്‍ നടത്തിയ പരീക്ഷണം വിജയിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രധാന ഗുണം ജൈവ ഡീസല്‍ ഉപയോഗിച്ചുള്ള വാഹനങ്ങളില്‍ നിന്നുള്ള പുക 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടെന്നുള്ളതാണ്.

ജൈവ ഡീസല്‍ ലിറ്ററൊന്നിന് 26.50 രൂപാ വച്ച് വാങ്ങാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. അതേ സമയം ശുദ്ധീകരിക്കാത്ത പാമോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ലിറ്ററിന് 35 മുതല്‍ 40 രൂപാ വരെ ചിലവാകുമെന്നാണ്കണക്കാക്കുന്നത്. ഇതാണ് ജൈവ ഡീസല്‍ ഉല്‍പ്പാദനത്തിന് ഏറ്റവും യോജ്യമായ ജത്രോപ കൃഷിചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ മുന്‍‌കൈ എടുക്കാന്‍ കാരണവും.

അതേ സമയം യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ജത്രോപാ കൃഷി ആരംഭിച്ചാലും വാണിജ്യാടിസ്ഥാനത്തില്‍ ജൈവ ഡീസല്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കാത്തിരിക്കണം. ഇതിനു പ്രധാന കാരണം ജത്രോപാ ചെടി നട്ട് മൂന്നു വര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ചെടിയില്‍ നിന്ന് എണ്ണയെടുക്കാന്‍ കഴിയുകയുള്ളു എന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :