കരയിപ്പിക്കുന്ന ഉള്ളിവില

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉള്ളിയെന്നാല്‍ ഇന്ത്യക്കാര്‍ക്ക് ജീവനാണ്. ഉത്തരേന്ത്യക്കാര്‍ക്ക് ഉള്ളിയില്ലാത്ത ഒരു നേരത്തെ ഭക്ഷണം ആലോചിക്കാന്‍ പോലുമാകില്ല. ഇതിനാല്‍ തന്നെ, ഉള്ളിയുടെ ഉല്‍പ്പാദനവും വിലയും തലസ്ഥാന നഗരിയിലെ പ്രധാന വിഷയമായിരിക്കും. രാഷ്ട്രീയ നേതാക്കളെ പേടിപ്പെടുത്താന്‍ വരെ ഈ ഉള്ളിക്ക് സാധിച്ചിട്ടുണ്ട്. ഇനിയും സാധിക്കുകയും ചെയ്യും. ഇതിനാലാണ് ഉള്ളിക്ക് കൂടിയതോടെ കൃഷി മന്ത്രി പവര്‍ രംഗത്ത് എത്തിയതും. നിരവധി നേതാക്കളെ കരയിപ്പിച്ച ഉള്ളി ഒരിക്കല്‍ കൂടി തലസ്ഥാന നഗരിയെ കരയിപ്പിക്കാതാരിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ തുടങ്ങി കഴിഞ്ഞു.

ഇതിന്റെ ഭാഗമായി ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ ഉള്ളി ക്ഷാമം തീരുന്നത് വരെ വിദേശത്തേക്ക് ഉള്ളി കയറ്റുമതി ചെയ്യില്ല. പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്ത ഉള്ളി ഇന്ത്യ തിരിച്ചു വാങ്ങി. വാഗാ അതിര്‍ത്തി കടത്തി പാകിസ്ഥാനില്‍ നിന്ന്‌ പതിമൂന്ന് ലോഡ്‌ സവാളയാണ് എത്തിച്ചത്‌.

ഉള്ളിയുടെ വില മൂന്നാഴ്ചയ്ക്കകം സാധാരണ നിലയിലെത്തുമെന്ന്‌ ശരത്‌ പവാര്‍ അറിയിച്ചിട്ടുണ്ട്. പവാറിന്റെ വാക്കുകള്‍ ആത്മവിശ്വാസം കുറവാണ്. മൂന്ന് ആഴ്ചയല്ല മൂന്ന് മാസം ലഭിച്ചാലും രാജ്യത്തെ ഉള്ളി വില സാധാരണ നിലയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല.

ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്‌ വില നിയന്ത്രിക്കാന്‍ ഏറെ സഹായകരമാകുമെന്ന് കരുതാം. ഉള്ളി കൃഷി ചെയ്യുന്ന മേഖലയില്‍ കഴിഞ്ഞ ദിവസം ലഭിച്ച മഴയും ലഭ്യത കുറവിന്‌ പരിഹാരമാകുമെന്നാണ്‌ കരുതുന്നത്‌. സവാളയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ സവാള കയറ്റുമതി ജനുവരി 15 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുനത്.

സവാള കയറ്റുമതിക്ക്‌ പുതുതായി പെര്‍മിറ്റ്‌ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്‌. ഡല്‍ഹിയില്‍ വില നിയന്ത്രിക്കാന്‍ മൊത്തവിലയ്ക്ക്‌ വില്‍ക്കുന്ന നിരക്കില്‍ ചില്ലറ വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടെ സവാള വില കുത്തനെ ഉയര്‍ന്നതോടെ സവാള ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ മിക്ക ഹോട്ടലുകളും ഉപേക്ഷിച്ചു കഴിഞ്ഞു.

രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുകയാണ്. റീട്ടെയില്‍ വിപണിയില്‍ ഉള്ളിവില 60 മുതല്‍ 70 വരെ ഉയര്‍ന്നിട്ടുണ്ട്. ക്രിസ്മസും പുതുവര്‍ഷവും തൊട്ടരികില്‍ നില്‍ക്കെയാണ് വലിയ ഉള്ളിക്ക് വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ സവാള വിലയില്‍ 23 ശതമാനമാണു വര്‍ധിച്ചത്.
വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 250 രൂപയും കടന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉള്ളിയുടെ കയറ്റുമതി നിര്‍ത്തിവയ്ക്കുന്നത് ആലോചിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഖാരിഫ് സീസണില്‍ ഉല്‍പാദന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവുമാണ് സവാള ഉല്‍പാദനത്തിന് വന്‍ തിരിച്ചടിയായത്.

ഒരു ലക്ഷത്തോളം ഹെക്ടര്‍ പ്രദേശത്താണു വിളനാശമുണ്ടായത്. നവംബര്‍-ഡിസംബര്‍-ജനുവരി മാസങ്ങളില്‍ വിളവെടുക്കേണ്ട ഉള്ളി, കര്‍ഷകര്‍ ഒക്ടോബറില്‍ തന്നെ വില്‍പ്പന നടത്തിയതും ഉള്ളി ക്ഷമാത്തിന് കാരണമായി. വിളവെടുത്ത സവാളയുടെ ഗുണനിലവാരത്തിനും മഴ ഇടിവുണ്ടാക്കിയിട്ടുണ്ട്.

വില നിയന്ത്രിക്കാനായി നാഫെഡ് സവാളയുടെ കയറ്റുമതി പകുതിയായി കുറച്ചിട്ടുണ്ട്. പ്രതിദിനം 6000 ടണ്‍ കയറ്റുമതിയുണ്ടായിരുന്നത് ഇപ്പോള്‍ 3000 ടണ്ണാക്കി കുറച്ചു. മിനിമം കയറ്റുമതി വില ടണ്ണിന് 16,957 രൂപയില്‍ നിന്ന് 23,740 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

സവാള ഉല്‍പാദനത്തില്‍ ലോകത്തില്‍ത്തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മഹാരാഷ്ട്ര, ഗുജറാത്ത്, ഒറീസ, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവയാണു പ്രധാന ഉള്ളി ഉല്‍പാദന സംസ്ഥാനങ്ങള്‍. ഉല്‍പാദിപ്പിക്കുന്ന ഒന്നാംതരം സവാളയുടെ ഏറിയ പങ്കും കയറ്റുമതി ചെയ്യുകയാണ്. ബംഗ്ലദേശ്, പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണു കയറ്റുമതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :